ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി ഡാമിൽ റെഡ് അലർട് പ്രഖ്യാപിച്ചു. ഡാമിലെ നിലവിലെ ജലനിരപ്പ് 2397.48 അടിയാണ്. ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ ശക്‌തമായ മഴ തുടരുകയാണ്. നീരൊഴുക്ക് ശക്‌തമായതോടെ നാളെ രാവിലെ 11 മണിക്കാണ് ഇടുക്കി ഡാമിന്റെ ഷട്ടറുകൾ ഉയർത്താൻ തീരുമാനമായത്.
രണ്ട് ഷട്ടറുകൾ 50 സെമീ വീതം ഉയർത്തും. 100 ക്യുമിക്‌സ് ജലം പുറത്തേക്ക് ഒഴുക്കും. സെക്കൻഡിൽ ഒരു ലക്ഷം വെള്ളം പുറത്തേക്ക് ഒഴുകും. 64 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും. വെള്ളം ഒഴുകുന്നതിനുള്ള തടസം നീക്കും.
ജില്ലാ ഭരണകൂടം ഇടുക്കി അണക്കെട്ടിനു സമീപ വാസികൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഡാം മേഖലയിലേക്ക് രാത്രികാല യാത്ര വേണ്ടെന്നും പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇപ്പോഴത്തെ നിലയിൽ രാവിലെ 7 മണിക്ക് ജലനിരപ്പ് അപ്പർ റൂൾ കർവിലെത്തും. വേണ്ടത്ര മുന്നൊരുക്കങ്ങൾ സ്വീകരിക്കാൻ ജില്ലാ കളക്‌ടർ നിർദ്ദേശം നൽകി. ഇടുക്കിയിൽ നിന്ന് വെള്ളമൊഴുക്കുന്ന പ്രദേശങ്ങളിൽ എല്ലാമാണ് ജാഗ്രതാ നിർദ്ദേശം. പൊതുജനങ്ങളും അധികാരികളും ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്‌ടർ അറിയിച്ചു.
Also Read: ഫ്ളോറൽ സല്‍വാറില്‍ അതിമനോഹരിയായി റിമ; വൈറല്‍ ചിത്രങ്ങൾ കാണാം








































