മസ്‌കറ്റ്: രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളുടെ ഭാഗമായി ഏഴാം ഘട്ടത്തിൽ തുറക്കേണ്ട വാണിജ്യ സ്‌ഥാപനങ്ങളുടെ പട്ടികയിൽ തീരുമാനമായി. സുപ്രീം കമ്മിറ്റിയാണ് തുറന്ന് പ്രവർത്തിക്കേണ്ട വാണിജ്യ പ്രവർത്തനങ്ങളുടെ പട്ടിക ആഭ്യന്തര വകുപ്പിന് കൈമാറിയത്. പട്ടിക പറത്തുവിട്ടതോടെ ഇന്നലെ തന്നെ തീരുമാനം പ്രാബല്യത്തിൽ വന്നു. ഇത് പ്രകാരം പാർക്കുകൾ, ബീച്ചുകൾ എന്നിവ തുറന്നു പ്രവർത്തിച്ചു.
കഴിഞ്ഞ എട്ടുമാസമായി പാർക്കുകളും സിനിമ തിയറ്ററുകളും അടഞ്ഞു കിടക്കുകയായിരുന്നു. ബീച്ചുകളിലേക്ക് ചൊവ്വാഴ്ച മുതൽ പ്രവേശനാനുമതി നൽകി തുടങ്ങി. ഒക്‌ടോബറിലാണ് ബീച്ചുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്.
12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഷോപ്പിങ് മാളുകളിലേക്ക് പ്രവേശിക്കാനുള്ള അനുമതിയും നൽകിയിട്ടുണ്ട്. മാളുകളിലെയും വാണിജ്യ കേന്ദ്രങ്ങളിലെയും ഫുഡ്കോർട്ടുകൾക്ക് തുറന്ന് പ്രവർത്തിക്കാനുള്ള അനുമതിയും നൽകിയിട്ടുണ്ട്. എക്‌സിബിഷനുകളും, പ്രദർശനങ്ങളും മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രവർത്തിക്കാം.
സിനിമാ തീയറ്ററുകളുടെ പ്രവർത്തനം സംബന്ധിച്ച് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 50 ശതമാനം സീറ്റുകളിൽ മാത്രമേ പ്രവേശനം സാധ്യമാകൂ. ടിക്കറ്റ് ഓൺലൈൻ വഴി വിൽക്കാനാണ് നിർദേശം. രോഗാണു മുക്‌തമാക്കാനുള്ള നടപടികൾ കൃത്യമായി പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു.
Read Also: ബുറെവി ശ്രീലങ്കന്‍ തീരത്തോട് അടുക്കുന്നു; തെക്കന്‍ തമിഴ്‌നാട്ടില്‍ കനത്ത മഴ








































