മുംബൈ: ഗൂഗിളുമായി ചേർന്ന് വികസിപ്പിച്ച ജിയോ ഫോൺ നെക്സ്റ്റ് അവതരിപ്പിച്ച് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി. റിലയൻസിന്റെ 44ആമത് വാർഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. റിലയൻസ് ജിയോയും ഗൂഗിളും സംയുക്തമായി വികസിപ്പിച്ച പ്രത്യേക ആൻഡ്രോയ്ഡ് ഒഎസിൽ പ്രവർത്തിക്കുന്ന സ്മാർട് ഫോൺ സെപ്റ്റംബർ 10 മുതൽ ഇന്ത്യൻ വിപണിയിലെത്തുമെന്ന് മുകേഷ് അംബാനി പറഞ്ഞു.
ജിയോ നെക്സ്റ്റിന്റെ വരവോടെ ആൻഡ്രോയ്ഡ് ലോകം വിശാലമാകുമെന്നും അംബാനി അഭിപ്രായപ്പെട്ടു. വിപണിയിലെ ഏറ്റവും വില കുറഞ്ഞ ഫോണാണ് ഇതെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ പറയുന്നു. ഫോണിന്റെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വോയിസ് അസിസ്റ്റന്റ്, ഓട്ടോമാറ്റിക് റീഡ്- എലൗഡ് സ്ക്രീൻ ടെക്സ്റ്റ്, ലാംഗ്വേജ് ട്രാൻസലേഷൻ, സ്മാർട് ക്യാമറ , ഓഗ്മെന്റഡ് റിയാലിറ്റി എന്നീ ഫീച്ചറുകളും ജിയോ നെക്സ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സുന്ദർ പിച്ചെ പറഞ്ഞു.
അതേസമയം, ഇന്ത്യയെ പൂർണമായും 2 ജിയിൽ നിന്ന് മോചിപ്പിച്ച് രാജ്യമെമ്പാടും 5 ജി സംവിധാനം വ്യാപിപ്പിക്കാൻ ഗൂഗിൾ ക്ളൗഡുമായി ജിയോ കരാറുണ്ടാക്കിയിട്ടുണ്ട്. ഈ സഹകരണത്തിന്റെ ഭാഗമായി ജിയോ അതിന്റെ റീട്ടെയിൽ ബിസിനസ് ഗൂഗിൾ ക്ളൗഡ് ബിസിനസിലേക്ക് മാറ്റുമെന്നാണ് വിവരം.
Also Read: ഐഷയെ അറസ്റ്റ് ചെയ്യില്ല; ദ്വീപിൽ നിന്ന് മടങ്ങാനും അനുമതി






































