ന്യൂഡെൽഹി: രാജ്യത്ത് മൊബൈൽ നിരക്ക് വർധിപ്പിച്ച് ടെലികോം സേവന ദാതാക്കൾ. കോൾ, ഡേറ്റ നിരക്കുകളിൽ ഏകദേശം 25 ശതമാനം വരെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും കൂടുതൽ മൊബൈൽ ഉപയോക്‌താക്കളുള്ള റിലയൻസ് ജിയോ 12.5 ശതമാനം മുതൽ 25 ശതമാനം വരെ വർധനയാണ് വരുത്തിയത്. ജൂലൈ മൂന്ന് മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരിക.
എയർടെലും വൊഡാഫോൺ-ഐഡിയയും നിരക്ക് വർധന ഉടൻ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. റിലയൻസ് ജിയോയുടെ 1559 രൂപയുടെ (24 ജിബി) വാർഷിക പ്ളാൻ ഇനിമുതൽ 1899 രൂപയായിരിക്കും. 340 രൂപയുടെ വർധനവാണ് ഉണ്ടാവുക. പ്രതിദിനം 2.5 ജിബിയുള്ള 2999 രൂപയുടെ പ്ളാൻ 3599 രൂപയായി വർധിക്കും. 600 രൂപയുടെ വർധനവ് ഉണ്ടാകും.
പ്രതിദിനം 2 ജിബിക്ക് മുകളിൽ ഡാറ്റയുള്ള പ്ളാനുകളിലെ 5ജി ഡാറ്റ ഇനി അൺലിമിറ്റഡ് ആയിരിക്കും. ജിയോ ഭാരത്/ ജിയോ ഫോൺ ഉപയോക്‌താക്കൾക്ക് നിലവിലെ പ്ളാനുകൾ തുടരും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നിരക്ക് വർധനവ് ഉണ്ടാകുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
5ജി സേവനങ്ങൾ ഒരുക്കുന്നതിന് ടെലികോം കമ്പനികൾ വലിയ തോതിലുള്ള നിക്ഷേപങ്ങൾ നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ നിരക്ക് വർധനയിലൂടെ ചിലവായ തുക തിരിച്ചുപിടിക്കുന്നതിന് കമ്പനികൾ ഒരുങ്ങുന്നതായുളള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ