പത്തനംതിട്ട: വിവാദമായ റോബിൻ ബസ് വീണ്ടും സർവീസ് ആരംഭിച്ചു. പത്തനംതിട്ട-കോയമ്പത്തൂർ റൂട്ടിലാണ് ബസ് സർവീസ് നടത്തുന്നത്. പുലർച്ചെ അഞ്ചിന് പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട ബസ്, രണ്ടു കിലോമീറ്റർ പിന്നിട്ട് മൈലപ്രയിൽ എത്തിയപ്പോൾ മോട്ടോർ വാഹനവകുപ്പ് പരിശോധനക്കായി തടഞ്ഞു. പരിശോധന പൂർത്തിയാക്കിയ ശേഷം യാത്ര തുടരാൻ അനുവദിച്ചു.
ഒരുമാസത്തിന് ശേഷമാണ് റോബിൻ ബസ് വീണ്ടും നിരത്തിലിറങ്ങുന്നത്. എന്നാൽ, നിയമലംഘനം ഉണ്ടായാൽ ബസ് വീണ്ടും പിടിച്ചെടുക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോൺട്രാക്ട് ക്യാരേജ് പെർമിറ്റുള്ള ബസ് സ്റ്റേജ് കാര്യേജ് ആയി ഓടുന്നത് നിയമവിരുദ്ധമാണെന്നാണ് എംവിഡിയുടെ നിലപാട്. ഇതിനെതിരെ ബസ് ഉടമ ബേബി ഗിരീഷ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിൽ അടുത്തമാസം അന്തിമവിധി ഉണ്ടാകും.
നിയമലംഘനത്തിന് ചുമത്തിയ പിഴയായ 82,000 രൂപ അടച്ചതിന് പിന്നാലെ ബസ് ഉടമക്ക് വിട്ടു നൽകാൻ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് ഇന്നലെയാണ് ബസ് ഉടമക്ക് വിട്ടുനൽകിയത്. പിഴ ഒടുക്കിയാൽ ബസ് വിട്ടുനൽകണമെന്ന ഹൈക്കോടതി ഉത്തരവും, പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചാൽ വെയിലും മഴയുമേറ്റ് ബസിന് കേടുപാട് ഉണ്ടാകുമെന്ന വാദവും പരിഗണിച്ചാണ് ബസ് വിട്ടുനൽകാൻ പത്തനംതിട്ട കോടതി ഉത്തരവിട്ടത്.
ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും പിഴത്തുക അടച്ചതിന് ശേഷം ബസ് വിട്ടുനൽകാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉടമ ബേബി ഗിരീഷ് കോടതിയെ സമീപിച്ചത്. നവംബർ 23ന് പുലർച്ചെ കോയമ്പത്തൂരിൽ നിന്ന് പത്തനംതിട്ടയിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് വൻ പോലീസ് സന്നാഹത്തോടെ മോട്ടോർ വാഹനവകുപ്പ് അധികൃതർ ബസ് പിടിച്ചെടുത്തത്.
Most Read| മധ്യപ്രദേശിൽ പുതിയ മന്ത്രിസഭ അധികാരത്തിൽ; അഞ്ചുപേർ വനിതകൾ







































