കീവ്: യുക്രൈനിലെ 4 നഗരങ്ങളിൽ റഷ്യ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ചു. തലസ്‌ഥാനമായ കീവ്, സൂമി, ചെർണിഗാവ്, മരിയുപോൾ എന്നിവിടങ്ങളിലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇന്ത്യൻ സമയം ഉച്ചക്ക് 12.30 മുതൽ വെടിനിർത്തൽ നിലവിൽ വരും. കൂടാതെ യുക്രൈനിൽ കുടുങ്ങി കിടക്കുന്ന ആളുകളെ ഒഴിപ്പിക്കാൻ മനുഷ്യത്വ ഇടനാഴികൾ തുറക്കുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം ഈ നഗരങ്ങളിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ ഓപ്പറേഷൻ ഗംഗ വഴി പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ ഇന്ന് തുടരും. ഇന്നലെയും സുമിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ കുടുങ്ങി കിടന്ന വിദ്യാർഥികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും അത് നടപ്പാക്കാൻ സാധിച്ചില്ല. റഷ്യൻ സൈന്യം വെടിനിർത്തൽ പ്രഖ്യാപനം നടപ്പാക്കാഞ്ഞതാണ് രക്ഷാപ്രവർത്തനം തടസപ്പെടുത്തിയത്.
യുക്രൈനിൽ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ ഇന്നലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കിയും തമ്മിൽ ഫോണിൽ ചർച്ച നടത്തി. സുമിയിൽ കുടുങ്ങിയ ഇന്ത്യൻ പൗരൻമാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളിൽ സഹായം അഭ്യർഥിച്ചുകൊണ്ടാണ് പ്രധാനമന്ത്രി സെലെൻസ്‌കിയുമായി ചർച്ച നടത്തിയത്. കൂടാതെ യുദ്ധ സാഹചര്യവും, ഇന്ത്യക്കാരുടെ രക്ഷാപ്രവർത്തനവും റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിനുമായും മോദി ചർച്ച ചെയ്‌തു.
Read also: നിരക്ക് ഇളവ് പിൻവലിച്ച് കെഎസ്ആർടിസി; ഇന്ന് മുതൽ പഴയ നിരക്ക്






































