മോസ്‌കോ: യുക്രെയ്‌നിൽ സൈനിക നീക്കത്തിനൊരുങ്ങി റഷ്യ. കിഴക്കൻ യുക്രെയ്‌നിലെ വിമത മേഖലകളായ ഡോൺട്സ്‌ക്, ലുഹാൻസ്‌ക് എന്നിവിടങ്ങളിലേക്ക് സൈന്യത്തെ അയക്കാനാണ് പദ്ധതി. ഇവയെ സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിച്ചതിന് പിന്നാലെയാണ് യുദ്ധഭീതി ഉയർത്തിക്കൊണ്ടുള്ള പുതിയ നീക്കം. സമാധാനപാലനത്തിനാണ് സൈന്യത്തെ അയക്കുന്നതെന്ന് റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിൻ പറഞ്ഞു.
സ്വതന്ത്ര പരമാധികാര രാജ്യമായ യുക്രെയ്‌ന്റെ പരിധിയിൽ കടന്നുകയറിയുള്ള നടപടിയുടെ പേരിൽ പാശ്‌ചാത്യ രാജ്യങ്ങൾ റഷ്യക്ക് ഉപരോധം പ്രഖ്യാപിച്ചു. റഷ്യയിൽ നിന്ന് ബാൾട്ടിക് കടലിലൂടെ പ്രകൃതി വാതകം എത്തിക്കുന്നതിനുള്ള നോർഡ് സ്‌ട്രീം 2 പൈപ്പ് ലൈനിന്റെ പ്രവർത്തനം ജർമനി താൽകാലിമായി നിർത്തിവെച്ചു.
കഴിഞ്ഞ നവംബറിൽ തുടങ്ങിയ സന്നാഹങ്ങൾക്കൊടുവിൽ തിങ്കളാഴ്‌ചയാണ് ഡോൺട്സ്‌കിന്റെയും, ലുഹാൻസ്‌കിന്റെയും സ്വാതന്ത്ര്യം പുടിൻ അംഗീകരിച്ചത്. ഇവിടങ്ങളിലെ യുക്രെയ്‌ൻ വിമതരുമായി ഉഭയകക്ഷി സഹായ, സൗഹൃദ ഉടമ്പടികളും അദ്ദേഹം ഒപ്പുവെച്ചിരുന്നു.
Most Read: പ്രിയപ്പെട്ട അധ്യാപികക്ക് വിദ്യാർഥികളുടെ യാത്രയയപ്പ്; ഹൃദയം കീഴടക്കി വീഡിയോ








































