കീവ്: നാലാം ദിവസവും യുക്രൈന് നേരെയുള്ള യുദ്ധം കടുപ്പിച്ച് റഷ്യ. വാസിൽകീവിലെ എണ്ണ സംഭരണ ശാലക്ക് നേരെ റഷ്യ മിസൈൽ ആക്രമണം നടത്തി. ഇതേത്തുടർന്ന് ഇവിടെ തീ പടരുകയാണ്. യുക്രൈൻ തലസ്‌ഥാനമായ കീവിന് സമീപ പ്രദേശമാണിത്.
കൂടാതെ ഖാർക്കിവിൽ വാതക പൈപ്പ് ലൈന് നേരെയും ആക്രമണം ഉണ്ടായി. ഇവിടേയും വൻ തീപിടുത്തമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മണിക്കൂറുകളിൽ യുദ്ധത്തിൽ ഒരു കുട്ടി ഉൾപ്പടെ 23 പേരാണ് മരിച്ചത്. യുക്രൈൻ പൗരൻമാരായ അഞ്ച് പേരും യുക്രൈൻ പട്ടാളക്കാരായിരുന്ന 16 പേരും ഒരു റഷ്യൻ സൈനികനും ഏഴ് വയസ് പ്രായമുള്ള ഒരു കുട്ടിയും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്.
ഇതിനിടെ യുഎൻ സെക്യൂരിറ്റി കൗൺസിലിൽ റഷ്യയുടെ വോട്ടവകാശം റദ്ദാക്കണമെന്ന് യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി ആവശ്യപ്പെട്ടു. റഷ്യൻ നീക്കം വംശഹത്യയായി കണക്കാക്കണമെന്നാണ് സെലെൻസ്‌കിയുടെ ആവശ്യം.
റഷ്യൻ സൈനികരുടെ മൃതദേഹം തിരികെ നൽകാൻ വഴിയൊരുക്കണമെന്നും യുക്രൈൻ പ്രസിഡണ്ട് ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങൾ യുഎൻ സെക്രട്ടറി ജനറലുമായി സംസാരിച്ചു എന്നും സെലെൻസ്‌കി ട്വീറ്റ് ചെയ്‌തു.
Most Read: റെയിൽവേ കേരളത്തോട് കാണിക്കുന്ന അവഗണന; പാർലമെന്റിൽ ശബ്‌ദം ഉയർത്തണമെന്ന് മുഖ്യമന്ത്രി