കീവ്: തലസ്ഥാനമായ കീവിൽ ഉൾപ്പടെ യുക്രൈനിൽ റഷ്യ നടത്തിയ മിസൈൽ- ഡ്രോൺ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. 16 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി തുടങ്ങിയ ആക്രമണം ശനിയാഴ്ച രാവിലെ വരെ നീണ്ടു. ഏതാനും ആക്രമണങ്ങൾ യുക്രൈൻ മിസൈൽവേധ സംവിധാനം പരാജയപ്പെടുത്തി.
റഷ്യ ഒമ്പത് മിസൈലുകളും 62 ഡ്രോണുകളുമാണ് തൊടുത്തതെന്ന് യുക്രൈൻ വ്യോമസേന അറിയിച്ചു. അതേസമയം, യുക്രൈന്റെ 121 ഡ്രോണുകൾ വ്യോമപ്രതിരോധ സംവിധാനം തകർത്തതായി റഷ്യ അറിയിച്ചു.
രണ്ട് റഷ്യൻ എണ്ണക്കമ്പനികൾക്കുള്ള ഉപരോധം എല്ലാ സ്ഥാപനങ്ങൾക്കും ബാധകമാക്കണമെന്നും റഷ്യയ്ക്ക് തിരിച്ചടി നൽകാൻ ദീർഘദൂര മിസൈലുകൾ നൽകണമെന്നും യുക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ സെലൻസ്കി അമേരിക്കയോട് ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു റഷ്യൻ ആക്രമണം.
മിസൈലുകൾ യുക്രൈന് നൽകുന്നതിനെതിരെ റഷ്യ യുഎസിന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് സംഘർഷം രൂക്ഷമാക്കുമെന്നും, യുഎസ്-റഷ്യ ബന്ധത്തിൽ വലിയ സമ്മർദ്ദമുണ്ടാകുമെന്നും അവർ പറഞ്ഞിരുന്നു.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്ഭുത തടാകം








































