തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ പിടിയിലായ മോൻസൺ മാവുങ്കലിന്റെ ശേഖരത്തിൽ നിന്നും ലഭിച്ച ശബരിമല ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ചെമ്പോല യാഥാർഥ്യമാണെന്ന് സർക്കാർ ഒരു ഘട്ടത്തിലും അവകാശവാദം നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
മോൻസൺ മാവുങ്കലിന്റെ പുരാവസ്‌തു തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുകയാണ്. പുരാവസ്‌തുവാണോയെന്ന് പരിശോധിക്കേണ്ടത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണെന്നും അതിനുള്ള നടപടികൾ തുടങ്ങിയതായും മുഖ്യമന്ത്രി സഭയിൽ വിശദമാക്കി.
അതേസമയം, മുൻ ഡിജിപി ലോക്‌നാഥ് ബെഹ്റ മോൻസന്റെ വീട്ടിൽ പോയത് എന്തിനാണ് എന്നതിൽ വ്യക്‌തതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം പോയതിന് ശേഷമുള്ള നടപടികളെ കുറിച്ചാണ് വിശദീകരിച്ചത്. പുരാവസ്‌തുക്കളിൽ സംശയം തോന്നിയതോടെയാണ് ബെഹ്റ ഇഡി അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. കൊക്കൂൺ സമ്മേളനത്തിൽ മോൻസൺ പങ്കെടുത്തതായി രജിസ്‌റ്ററിൽ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്‌ട്രീയ നേതാക്കൾ തട്ടിപ്പിന് വിധേയരായവർ ആണെങ്കിൽ, അവർ ആവശ്യപ്പെട്ടാൽ അന്വേഷണം നടത്തും. എന്നാൽ തട്ടിപ്പിന് കൂട്ട് നിന്നിട്ടുണ്ടെങ്കിൽ അതും അന്വേഷണ പരിധിയിൽ വരുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
Most Read: ഇന്ത്യ-ചൈന 13മത് കമാൻഡർ തല ചർച്ച; പരാജയമെന്ന് ഇന്ത്യ