പത്തനംതിട്ട: ശബരിമല മകരവിളക്ക് ചടങ്ങുകൾക്ക് തുടക്കം. പുലർച്ചെ 3.30ന് തന്ത്രി കണ്‌ഠരര് രാജീവരുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കമായി. ദിവസവും 3.30 മുതൽ 11 വരെയാണ് നെയ്യഭിഷേകം. മകരവിളക്ക് ജനുവരി 14നാണ്. തീർഥാടനം പൂർത്തിയാക്കി ജനുവരി 20ന് രാവിലെ 6.30ന് നട അടയ്‌ക്കും.
മകരവിളക്ക് തീർഥാടനത്തിനായി ഇന്നലെ വൈകിട്ടാണ് നട തുറന്നത്. തന്ത്രി കണ്‌ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ് അരുൺ കുമാർ നമ്പൂതിരി നട തുറന്നു. കന്നിമൂല ഗണപതി, നാഗരാജാവ് എന്നീ നട തുറന്ന ശേഷം പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു. മേൽശാന്തിയും സംഘവും തിരിച്ച് കയറിയ ശേഷമാണ് തീർഥാടകരെ പതിനെട്ടാംപടി കയറാൻ അനുവദിച്ചത്.
മകരവിളക്ക് തീർഥാടന കാലത്തെ വെർച്വൽ ക്യൂ ബുക്കിങ് 15 വരെ പൂർത്തിയായി. ഇന്ന് മുതൽ ജനുവരി 11 വരെ പ്രതിദിനം 70,000 പേർക്കാണ് വെർച്വൽ ക്യൂ വഴി പ്രവേശനം. ബുക്ക് ചെയ്യാത്തവർക്ക് സ്‌പോട്ട് ബുക്കിങ്ങാണ് ഇനി ആശ്രയം. എന്നാൽ, തിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായി മകരവിളക്കിന്റെ പ്രധാന ദിവസങ്ങളായ 12 മുതൽ 14 വരെ സ്‌പോട്ട് ബുക്കിങ്ങില്ല.
ഈ ദിവസങ്ങളിൽ വെർച്വൽ ക്യൂ എണ്ണവും കുറച്ചു. 12ന് 60,000, 13ന് 50,000, 14ന് 40,000 എന്ന ക്രമത്തിലാണ് കുറവ്. ഈ ദിവസങ്ങളിലെയും ബുക്കിങ് കഴിഞ്ഞു. ജനുവരി 15ന് 70,000 പേർക്ക് ഉണ്ടായിരുന്ന ബുക്കിങ്ങും തീർന്നു.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം