പത്തനംതിട്ട: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പിബി സന്ദീപ് കുമാർ വധക്കേസിലെ പ്രതികളെ കൊലപാതകം നടന്ന സ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചു. എന്നാൽ, നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പ്രതികളുമായി പോലീസിന് മടങ്ങേണ്ടി വന്നു.
ഉച്ചയ്ക്ക് ഒരു മണിയോട് കൂടിയാണ് തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥർ അഞ്ച് പ്രതികളെയും സംഭവ സ്ഥലത്ത് എത്തിച്ചത്. രാവിലെ മുതൽ തന്നെ ഇവിടെ നാട്ടുകാർ കൂടിയിട്ടുണ്ടായിരുന്നു. പ്രതികളെ എത്തിച്ച ഉടൻ തന്നെ സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള ആളുകൾ ബഹളം വെക്കുകയും പ്രതികൾക്ക് നേരെ പാഞ്ഞടുക്കുകയും ചെയ്തു. പ്രതികൾക്ക് നേരെ കയ്യേറ്റം നടത്താനുള്ള ശ്രമം പോലീസ് തടഞ്ഞു.
കസ്റ്റഡിയിലുള്ള അഞ്ച് പ്രതികളെയും പോലീസ് വിശദമായി ചോദ്യം ചെയ്യും. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചവരെ ഉൾപ്പടെ കൂടുതൽ പേരെ കേസിൽ പ്രതിചേർത്തേക്കും. കരുവാറ്റയിലാണ് പ്രതികൾ ഒളിവിൽ കഴിഞ്ഞത്. ഇവിടെ പോലീസ് ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയെപ്പറ്റി അറിയാൻ പ്രതികളുടെ ഫോൺ കോൾ വിവരങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
രാഷ്ട്രീയ വിരോധവും വ്യക്തി വൈരാഗ്യവുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ തങ്ങൾക്ക് രാഷ്ട്രീയ ബന്ധമില്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നും പ്രതികൾ ഇന്നലെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. 8 ദിവസത്തേക്കാണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
Also Read: സൈജുവിന്റെ മുടിനാരും നഖവും ശാസ്ത്രീയ പരിശോധനയ്ക്ക്; ഹോട്ടലുടമയെ വീണ്ടും ചോദ്യംചെയ്യും








































