ചെന്നൈ: സജീവ രാഷ്‌ട്രീയത്തിൽ ഉണ്ടാകുമെന്ന് അറിയിച്ച് വികെ ശശികല. ജയിൽ മോചിതയായ ശശികല പുലർച്ചയോടെയാണ് ചെന്നൈയിൽ മടങ്ങിയെത്തിയത്. സുപ്രധാന പ്രഖ്യാപനങ്ങൾ രണ്ടു ദിവസത്തിനകം നടത്തുമെന്നും ശശികല വ്യക്‌തമാക്കി.
21 മണിക്കൂർ നീണ്ട ബെംഗളൂരു ചെന്നൈ യാത്രക്കിടെ 35ഓളം ഇടങ്ങളിൽ സ്വീകരണം എറ്റുവാങ്ങിയാണ് ശശികലയുടെ തിരിച്ചു വരവ്. തുടർന്ന് എംജിആറിന്റെ വസതിയിലെത്തിയ ശശികല പുഷ്‌പാർച്ചന നടത്തിയതിന് ശേഷമാണ് മടങ്ങിയത്.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ചടക്കം ചർച്ച ചെയ്യാൻ ഇന്ന് വൈകിട്ട് തന്റെ അനുയായികളെ ശശികല കാണുമെന്നാണ് വിവരം. എഐഎഡിഎംകെയിലെ തന്റെ അനുഭാവികളുടെ യോഗവും ശശികല ഉടൻ വിളിക്കുമെന്ന് സൂചനയുണ്ട്. എഐഎഡിഎംകെയുടെ കൊടി തുടർന്നും ഉപയോഗിച്ചുകൊണ്ട് പാർട്ടിയിലുള്ള തന്റെ അവകാശവാദം നിലനിർത്താനാണ് അവരുടെ തീരുമാനം.
അതേസമയം, പാർട്ടിയിലെ ഔദ്യോഗിക പക്ഷത്തിൽ ചെറിയ ഭിന്നതകൾ വീണ്ടും പൊട്ടിപ്പുറപ്പെട്ടു എന്നും വാർത്തകൾ പുറത്തുവന്നു. ഒ പനീർശെൽവം ശശികലയോട് മൃദുസമീപനം കാട്ടിതുടങ്ങി എന്നും വിവരമുണ്ട്.
Read Also: രാജ്യദ്രോഹക്കേസ്; ശശി തരൂരിന്റെ അറസ്‌റ്റ് സുപ്രീം കോടതി തടഞ്ഞു