ജയലളിതയുടെ മരണം; ശശികല ഉൾപ്പെടെ 4 പേർക്കെതിരെ കേസെടുക്കും

By Central Desk, Malabar News
Sasikala and jayalalitha
ശശികലയും ജലയലളിതയും (പഴയ ഫോട്ടോ)
Ajwa Travels

ചെന്നൈ: തമിഴ്‌നാട്‌ മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ വികെ ശശികല ഉൾപ്പെടെ 4 പേർ കുറ്റക്കാരെന്ന് വ്യക്‌തമാക്കുന്ന ജസ്‌റ്റിസ്‌ അറുമുഖസാമി അന്വേഷണ കമ്മിഷൻ റിപ്പോർട് നിയമസഭയിൽ പുറത്തു വിട്ടു. ഇക്കഴിഞ്ഞ ഓഗസ്‌റ്റിൽ സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടാണ് തമിഴ്‌നാട്‌ സർക്കാർ ഇന്ന് നിയമസഭയിൽ വച്ചത്.

ജയലളിതയുടെ അടുത്ത സഹായിയും സുഹൃത്തും ‘അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (എഐഎഡിഎംകെ) മുൻ ദേശീയ പ്രസിഡണ്ടുമായിരുന്ന വികെ ശശികല എന്ന വിവേകാനന്ദൻ കൃഷണ വേണി ശശികല, ഡോ.ശിവകുമാർ, ആരോഗ്യ സെക്രട്ടറി രാധാകൃഷ്‌ണൻ, മുൻ ആരോഗ്യമന്ത്രി വിജയ് ഭാസ്‌ക്കർ എന്നിവർക്കെതിരെ കേസെടുക്കണമെന്നും ഇവർ നാലു പേരും വിചാരണ നേരിടണമെന്നും റിപ്പോർട് പറയുന്നു.

ജയലളിതക്ക് ആൻജിയോഗ്രാം ചികിൽസ നൽകുന്നത് ശശികല തടഞ്ഞു. സ്വന്തം നേട്ടത്തിനായാകാം ഇതു ചെയ്‌തത്‌. യുഎസിൽ നിന്നെത്തിയ ഡോ. സമീൻ ശർമ ജയലളിതക്ക് ഹൃദയ ശസ്‌ത്രക്രിയ നടത്താൻ ശുപാർശ ചെയ്‌തിരുന്നു. പക്ഷേ അത് നടത്തിയില്ല. 2016 ഡിസംബർ 5ന് രാത്രി 11.30ന് ജയലളിത മരിച്ചതായി അപ്പോളോ ആശുപത്രി അറിയിച്ചു. എന്നാൽ, തെളിവുകളുടെ അടിസ്‌ഥാനത്തിൽ ജയലളിതയുടെ മരണം 2016 ഡിസംബർ 4ന് ഉച്ചകഴിഞ്ഞ് 3നും 3.30നും ഇടയിലാണെന്ന് റിപ്പോർട് സമർഥിക്കുന്നു. ജയലളിതയെ ചികിൽസിച്ച അപ്പോളോ ആശുപത്രി ചെയർമാൻ ഡോ. പ്രതാപ് റെഡ്ഡി, ജയലളിതയുടെ ആരോഗ്യ സ്‌ഥിതിയെ സംബന്ധിച്ച് വ്യാജ റിപ്പോർട്ടുകൾ ഇറക്കിയതായും റിപ്പോർട് പറയുന്നു.

ജയലളിതയും തോഴി ശശികലയും 2012 മുതൽ നല്ല ബന്ധത്തിലായിരുന്നില്ല എന്നും മരണം അന്വേഷിക്കാനായി സർക്കാർ നിയോഗിച്ച കമ്മീഷൻ റിപ്പോർട് പറയുന്നു. 2016 സെപ്റ്റംബർ 22ന് ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷമുള്ള കാര്യങ്ങൾ രഹസ്യമാക്കി വച്ചു. ചികിൽസക്കിടെ പുറത്തു വന്ന മെഡിക്കൽ റിപ്പോർട്ടുകളിൽ വലിയ വൈരുദ്ധ്യങ്ങൾ ഉണ്ടെന്നും ജസ്‌റ്റിസ്‌ അറുമുഖ സ്വാമി ചൂണ്ടിക്കാട്ടുന്നു.

ജയലളിതയുടെ മരണ സമയം സംബന്ധിച്ചും വ്യക്‌തത കുറവുണ്ട്. മരണം സംഭവിച്ചെങ്കിലും ആ വിവരം മറച്ചു വച്ചു. ഒരു ദിവസം കഴിഞ്ഞാണ് മരണ വിവരം പുറത്തുവിട്ടതെന്ന് ദൃക്‌സാക്ഷി മൊഴികളിൽ നിന്ന് വ്യക്‌തമാകുന്നതായും അന്വേഷണ റിപ്പോർട്ടിലുണ്ട്. 2016 ഡിസംബർ അഞ്ചിനു രാത്രി 11.30 ഓടെയാണ് അപ്പോളോ ആശുപത്രിയിൽ ജയലളിത അന്ത്യശ്വാസം വലിച്ചത്. 75 ദിവസത്തെ ആശുപത്രിവാസത്തിന് ഒടുവിലായിരുന്നു മരണം.

2016 സെപ്റ്റംബർ 22ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതു മുതൽ ജയലളിതയുടെ ചികിൽസ സംബന്ധിച്ച് സംശയങ്ങളും വിവാദവും ഉടലെടുത്തിരുന്നു. മരണശേഷം വിവാദം കനത്തു. തുടർന്നാണ് മരണത്തെക്കുറിച്ച് അന്വേഷിക്കാൻ 2017 ഓഗസ്‌റ്റിൽ സംസ്‌ഥാന സർക്കാർ ജസ്‌റ്റിസ്‌ അറുമുഖസാമി കമ്മിഷനെ നിയോഗിച്ചത്. 2017ൽ രൂപീകരിച്ച കമ്മിഷന്റെ കാലാവധി വിവിധ കാരണങ്ങളാൽ 14 തവണ സർക്കാർ നീട്ടി നൽകി.

മുൻ മുഖ്യമന്ത്രി ഒ പനീർസെൽവം, വികെ ശശികലയുടെ സഹോദര ഭാര്യയായ ഇളവരശി അടക്കം 154 സാക്ഷികളെയാണ് കമ്മിഷൻ വിസ്‌തരിച്ചത്. എന്നാൽ, പലതവണ ആവശ്യപ്പെട്ടിട്ടും ശശികല കമ്മിഷനു മുന്നിൽ ഹാജരായില്ല.

ജയലളിതയുടെ മരണശേഷം, പാർട്ടിയുടെ ജനറൽ കൗൺസിൽ ശശികലയെ എഐഎഡിഎംകെയുടെ സെക്രട്ടറി ജനറലായി തിരഞ്ഞെടുത്തു. എന്നാൽ ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ശശികലയെ ജനറൽ സെക്രട്ടറിയായി അംഗീകരിച്ചില്ല. പിന്നീട് ശശികലയെ സെക്രട്ടറി ജനറൽ സ്‌ഥാനത്ത്‌ നിന്ന് പാർട്ടി നീക്കുകയും 2017 സെപ്റ്റംബറിൽ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്‌തു.

ജയലളിത മുഖ്യപ്രതിയായിരുന്ന അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കൂട്ടുപ്രതിയായ ശശികല 2017ൽ പ്രതിയാകുകയും ജയിലിൽ പോകുകയും നാല് വർഷത്തിന് ശേഷം 2021ൽ ജയിൽ മോചിതയാകുകയും ചെയ്‌തിരുന്നു.

2018 മാർച്ചിൽ ശശികലയുടെ അനന്തരവനും തമിഴ് രാഷ്‌ട്രീയത്തിലെ പ്രമുഖനുമായ ടിടിവി ദിനകരൻ അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിൽ നിന്ന് വേർപിരിഞ്ഞ് ശശികലയെ ജനറൽ സെക്രട്ടറിയാക്കി അമ്മ മക്കൾ മുന്നേറ്റ കഴകം ആരംഭിച്ചു. 2019 ഏപ്രിലിൽ അമ്മ മക്കൾ മുന്നേറ്റ കഴകവും ശശികലയെ പുറത്താക്കി. ഇപ്പോൾ, എഐഎഡിഎംകെ ജനറൽ സെക്രട്ടറി സ്‌ഥാനത്തുനിന്നും നീക്കിയതിനെതിരെ ചെന്നൈ കോടതിയെ സമീപിച്ച ഇവർ കേസിലെ വിധി തനിക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ്.

Most Read: ക്‌ളാസ് മുറികളിലെ ഹിജാബ് അവകാശം ഭരണഘടനാപരം; ജസ്‌റ്റിസ്‌ സുധാന്‍ഷു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE