ശാസ്താംകോട്ട: ശ്വാസംമുട്ടലിനെ തുടർന്ന് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയ പെൺകുട്ടിക്ക് പേവിഷബാധയ്ക്കുള്ള വാക്സിൻ നൽകി. ഒപി വിഭാഗത്തിൽ ചികിൽസയ്ക്കെത്തിയ 18-കാരിക്കാണ് മരുന്ന് മാറി കുത്തിവെപ്പ് എടുത്തത്. ഇന്നലെയിരുന്നു സംഭവം.
കടുത്ത ശ്വാസംമുട്ടലിനെ തുടർന്ന് ബുദ്ധിമുട്ടിലായ പെൺകുട്ടി അമ്മയ്ക്കൊപ്പമാണ് ആശുപത്രിയിൽ എത്തിയത്. ഇൻജക്ഷൻ നൽകാൻ നിർദ്ദേശിച്ചുള്ള ഡോക്ടറുടെ കുറിപ്പുമായി എത്തിയ പെൺകുട്ടിക്ക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സ് മരുന്ന് മാറി കുത്തിവെക്കുകയായിരുന്നു. തെരുവുനായ കടിച്ചു ചികിൽസയ്ക്കെത്തിയ ആൾക്ക് എടുക്കാനായി വച്ചിരുന്ന വാക്സിൻ ആണ് നഴ്സ് പെൺകുട്ടിക്ക് കുത്തിവെച്ചത്.
പിന്നാലെ അബദ്ധം മനസിലായതോടെ നഴ്സ് ക്ഷമാപണം നടത്തി. ഇതോടെ, പെൺകുട്ടിയുടെ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ ആശുപത്രി അധികൃതരുമായി ഇവർ ചർച്ച നടത്തി. വാക്സിന്റെ ടെസ്റ്റ് ഡോസ് ആണ് പെൺകുട്ടിക്ക് നൽകിയതെന്നും ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും ഡോക്ടർമാർ പറഞ്ഞു.
ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സുമാരെ മാറ്റിനിർത്തിയെന്നും അന്വേഷണത്തിനായി ഡോക്ടർമാരെ ഉൾപ്പെടുത്തി എൻക്വയറി കമ്മിറ്റി രൂപീകരിച്ചതായും അധികൃതർ അറിയിച്ചു. കൂടാതെ, പെൺകുട്ടിക്ക് ഉടൻ തന്നെ ശ്വാസം മുട്ടലിനുള്ള ഇൻജക്ഷൻ നൽകിയെന്നും നിരീക്ഷണത്തിനായി ഇന്ന് വീണ്ടും എത്താൻ പറഞ്ഞതായും ആശുപത്രി അധികൃതർ പറഞ്ഞു.
Most Read| പാമ്പുകൾക്ക് സ്വൈര്യവിഹാരം, വീടുകളിൽ കയറിയിറങ്ങും, ആർക്കും പേടിയില്ല!








































