റിയാദ്: നാല് വർഷത്തിന് ശേഷം സൗദി എയർലൈൻസ് ചെറു വിമാനങ്ങളുമായി കരിപ്പൂരിൽ നിന്ന് സർവീസുകൾ ആരംഭിക്കാനുള്ള ഒരുക്കത്തിൽ. ഒക്ടോബർ 27 മുതൽ കോഴിക്കോട്-ജിദ്ദ, കോഴിക്കോട്-റിയാദ് സെക്ടറുകളിൽ സർവീസ് ആരംഭിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. വിമാന അപകടത്തെ തുടർന്ന് വലിയ വിമാനങ്ങൾ കരിപ്പൂരിൽ നിന്ന് നിരോധിച്ചിരുന്നു.
ചെറു വിമാനത്തിൽപ്പെട്ട എയർ ബസ് 321 നിയോ വിമാനമാണ് സർവീസിന് എത്തുക. ജിദ്ദയിലേക്ക് ആഴ്ചയിൽ ഏഴ് സർവീസുകളാണ് ആദ്യഘട്ടത്തിൽ ആലോചിക്കുന്നത്. 2015ൽ റൺവേ നവീകരണത്തിന്റെ ഭാഗമായി വലിയ വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയപ്പോഴാണ് ആദ്യമായി സൗദി എയർലൈൻസ് കരിപ്പൂർ വിട്ടത്.
നവീകരണം പൂർത്തിയായ ശേഷം 2019 അവസാനത്തോടെ വീണ്ടും കരിപ്പൂരിൽ തിരിച്ചെത്തി. എന്നാൽ, 2020 ഓഗസ്റ്റ് ഏഴിനുണ്ടായ അപകടത്തെ തുടർന്ന് വലിയ വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതോടെ വീണ്ടും കോഴിക്കോട് സെക്ടറിലെ സർവീസ് നിർത്തേണ്ടിവന്നു. സർവീസ് പുനരാരംഭിക്കാൻ പലതവണ സൗദി എയർലൈൻസ് സന്നദ്ധത അറിയിച്ചിരുന്നു.
എന്നാൽ, കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് അനുമതി ഇല്ലാത്തതും സൗദി എയർലൈൻസിന്റെ കൈവശം ചെറു വിമാനങ്ങൾ ഇല്ലാത്തതുമാണ് സർവീസ് നീണ്ടുപോകാൻ കാരണം. ഇപ്പോൾ ചെറു ഗണത്തിൽപ്പെട്ട വിമാനവുമായാണ് സർവീസ് പുനരാരംഭിക്കുന്നത്. കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങൾ ഇല്ലാത്തത് മലബാറിലെ പ്രവാസികളെ വലിയരീതിയിൽ പ്രതിസന്ധിയിലാക്കിയിരുന്നു.
Most Read| എന്നുമുള്ള ചായയും കാപ്പി കുടിയും നിർത്തിക്കോ! ജാഗ്രത വേണമെന്ന് ഐസിഎംആർ








































