റിയാദ്: സൗദി അറേബ്യയിൽ സ്വദേശിവൽക്കരണം ശക്‌തമാക്കുന്നു. ജനറൽ മാനേജർ ഉൾപ്പടെയുള്ള പ്രധാനപ്പെട്ട നാല് തസ്‌തികകളിൽ കൂടി വിദേശികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. തൊഴിൽ സേവനങ്ങൾക്കായുള്ള ഗവൺമെന്റ് പ്ളാറ്റ്‌ഫോമായ ‘ഖിവ’ (QIWA) വഴിയുള്ള തസ്‌തിക മാറ്റങ്ങൾ ജനുവരി 29 മുതൽ നിർത്തിവെച്ചു.
വിഷൻ 2030ന്റെ ഭാഗമായി സ്വദേശികൾക്ക് കൂടുതൽ ഉയർന്ന തൊഴിലവസരങ്ങൾ ഉറപ്പാക്കാനാണ് നീക്കം.
നിയന്ത്രണം ഏർപ്പെടുത്തിയ തസ്‌തികകൾ
1. ജനറൽ മാനേജർ– തസ്‌തിക ഇനിമുതൽ സൗദി പൗരൻമാർക്ക് മാത്രമായി പരിമിതപ്പെടുത്തി. വിദേശികൾക്ക് ഇനി ഈ തസ്‌തികയിലേക്ക് മാറാനോ പുതിയ വിസ ലഭിക്കാനോ സാധിക്കില്ല.
2. സെയിൽസ് റെപ്രസന്റേറ്റീവ്– മേഖലയിൽ സ്വദേശിവൽക്കരണ ശതമാനം വർധിപ്പിച്ചു.
3. മാർക്കറ്റിങ് സ്‌പെഷ്യലിസ്‌റ്റ്– മാർക്കറ്റിങ് മേഖലയിൽ 60% സ്വദേശിവൽക്കരണം നിർബന്ധമാക്കി.
4. പ്രൊക്യൂർമെന്റ് മാനേജർ– വിതരണ ശൃംഖലയുടെ മേൽനോട്ടം സ്വദേശികൾക്ക് നൽകുന്നതിനായി ഈ തസ്‌തികയിലും നിയന്ത്രണം വന്നു.
നിലവിൽ ജനറൽ മാനേജർ തസ്‌തികയിൽ ജോലി ചെയ്യുന്ന വിദേശികളോട് തസ്‌തിക മാറ്റാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ബിസിനസ് രജിസ്‌ട്രിയിലെ നിബന്ധനകൾ പാലിക്കുന്നുണ്ടെങ്കിൽ അവർക്ക് സിഇഒ അല്ലെങ്കിൽ ചെയർമാൻ തുടങ്ങിയ തസ്‌തികകളിലേക്ക് മാറാവുന്നതാണ്. എന്നാൽ, ഇതിന് കർശനമായ പരിശോധനകൾ ഉണ്ടാകും.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ





































