റിയാദ്: പ്രവാസികൾക്ക് തിരിച്ചടിയായി സൗദിയിൽ സ്വകാര്യ മേഖലയിൽ സൗദിവൽക്കരണം വരുന്നു. അക്കൗണ്ടിങ്, എൻജിനിയറിങ് ഉൾപ്പടെ സ്വകാര്യ മേഖലയിലെ 269 തൊഴിലുകളിലാണ് സൗദിവൽക്കരണം വരുന്നത്. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് തീരുമാനം കൈകൊണ്ടത്.
വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച് അക്കൗണ്ടിങ് മേഖലയിൽ അഞ്ചുഘട്ടങ്ങളായി നിർബന്ധിത സൗദിവൽക്കരണ അനുപാതം ഉയർത്തും. ഇതിൽ ആദ്യഘട്ടം ഒക്‌ടോബർ പത്തിന് നിലവിൽ വരും. അക്കൗണ്ടിങ് പ്രൊഫഷനിൽ അഞ്ചും അതിൽ കൂടുതലും പേർ ജോലി ചെയ്യുന്ന സ്‌ഥാപനങ്ങൾ ആദ്യഘട്ടത്തിൽ 40% സൗദിവൽക്കരണമാണ് പാലിക്കേണ്ടത്.
അഞ്ചാംഘട്ടത്തിൽ ഈ സ്‌ഥാപനങ്ങൾ 70% സൗദിവൽക്കരണം പാലിക്കണം. മുനിസിപ്പൽ, പാർപ്പിടകാര്യ മന്ത്രാലയവുമായി സഹകരിച്ച് എൻജിനിയറിങ് സാങ്കേതിക തൊഴിലുകളിൽ ജൂലൈ 23 മുതൽ നിർബന്ധിത സൗദിവൽക്കരണം 30% ആയി ഉയർത്തും. എൻജിനിയറിങ് സാങ്കേതിക തൊഴിലുകളിൽ അഞ്ചും അതിൽ കൂടുതൽ പേർ ജോലി ചെയ്യുന്ന മുഴുവൻ സ്‌ഥാപനങ്ങൾക്കും ഇത് ബാധകമാണ്.
ഡെന്റൽ മെഡിസിൻ, ഫാർമസി, അക്കൗണ്ടിങ്, എൻജിനിയറിങ് തൊഴിലുകൾ അടക്കം 269 പ്രൊഫഷനുകളിലാണ് സൗദിവൽക്കരണം. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ജൂലൈ 23 മുതൽ ഫാർമസി മേഖലയിൽ സൗദിവൽക്കരണ അനുപാതം ഉയർത്തും. കമ്യൂണിറ്റി ഫാർമസി, മെഡിക്കൽ കോംപ്‌ളക്‌സ് മേഖലയിൽ 35 ശതമാനവും ആശുപത്രികളിലെ ഫാർമസി മേഖലയിൽ 65 ശതമാനവും മറ്റു ഫാർമസികളിൽ 55 ശതമാനവുമാണ് നിർബന്ധിത സൗദിവൽക്കരണം ഉയർത്തുക.
അഞ്ചും അതിൽ കൂടുതൽ ഫാർമസിസ്‌റ്റുകൾ ജോലി ചെയ്യുന്ന സ്‌ഥാപനങ്ങൾക്കും തീരുമാനം ബാധകമാണ്. ഡെന്റൽ മെഡിസിൻ മേഖലയിൽ രണ്ടു ഘട്ടങ്ങളായാണ് നിർബന്ധിത സൗദിവൽക്കരണം. ജൂലൈ 23ന് പ്രാബല്യത്തിൽ വരുന്ന ആദ്യഘട്ടത്തിൽ 45% സൗദിവൽക്കരണമാണ് നടപ്പാക്കേണ്ടത്. 12 മാസത്തിന് ശേഷം സൗദിവൽക്കരണം 55 ശതമാനമായി ഉയരും.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം