ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാറുള്ള പിഴയും എസ്.എം.എസ് നിരക്കുകളും പൂര്‍ണ്ണമായും ഒഴിവാക്കി. 44 കോടിയിലധികം വരുന്ന ഉപഭോക്താക്കള്‍ക്ക് തീരുമാനം ഗുണം ചെയ്യുമെന്ന് എസ്.ബി.ഐ ട്വിറ്ററിലൂടെ അറിയിച്ചു.
പുതിയ തീരുമാനം എല്ലാവിധ സംവിധാനങ്ങളും ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കും ബാധകമായിരിക്കുമെന്നാണ് എസ്ബിഐ നൽകുന്ന വിവരം. മുൻപ് മെട്രോപൊളിറ്റൻ, അർബൻ, റൂറൽ മേഖലകളിൽ യഥാക്രമം 3000, 2000, 1000 എന്നിങ്ങനെയായിരുന്നു മിനിമം ബാലൻസ് സൂക്ഷിക്കേണ്ടത്. 5 മുതൽ 15 രൂപവരെ ഈ നിബന്ധന ലംഘിക്കുന്നവരിൽ നിന്ന് ഈടാക്കാറുണ്ടായിരുന്നു.
എങ്കിലും തുടർന്നും അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കുവാൻ ശ്രദ്ധിക്കണം എന്ന് തന്നെയാണ് ബാങ്ക് ശുപാർശ ചെയ്യുന്നത്. ലോണുകൾ, മറ്റ് ആനുകൂല്യങ്ങൾ തുടങ്ങിയവ ലഭ്യമാക്കാൻ ഇത്തരം സാങ്കേതിക കാര്യങ്ങൾ പരിഗണിക്കേണ്ടി വരുമെന്ന് ബാങ്കിങ് വൃത്തങ്ങൾ അറിയിക്കുന്നു.







































