രേഖകളിൽ എന്തുകൊണ്ട് സീരിയൽ നമ്പറുകൾ ഇല്ല? എസ്‌ബിഐക്ക് നോട്ടീസയച്ച് സുപ്രീം കോടതി

നിലവിൽ എസ്ബിഐ കൈമാറിയ രേഖകൾ പൂർണമല്ലെന്ന് പറഞ്ഞ കോടതി, ഇലക്‌ടറൽ ബോണ്ട് നമ്പറുകൾ കൂടി പ്രസിദ്ധീകരിക്കണമെന്നും നിർദ്ദേശം നൽകി.

By Trainee Reporter, Malabar News
Supreme Court -
Ajwa Travels

ന്യൂഡെൽഹി: ഇലക്‌ടറൽ ബോണ്ട് (കടപ്പത്ര പദ്ധതി) കേസിൽ എസ്‌ബിഐക്ക് വീണ്ടും നോട്ടീസയച്ച് സുപ്രീം കോടതി. ഇലക്‌ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വിവരങ്ങൾ അപൂർണമായതിനാലാണ് സുപ്രീം കോടതി നോട്ടീസ്. പ്രസിദ്ധീകരിച്ച രേഖകളിൽ എന്തുകൊണ്ട് സീരിയൽ നമ്പറുകൾ ഇല്ലെന്ന് കോടതി എസ്‌ബിഐയോട് ചോദിച്ചു.

കേസിൽ എല്ലാ രേഖകളും പുറത്തുവിടണമെന്ന് സുപ്രീം കോടതി എസ്‌ബിഐക്ക് നിർദ്ദേശം നൽകി. തിങ്കളാഴ്‌ചക്കകം മറുപടി നൽകണമെന്നാണ് നോട്ടീസിലെ അറിയിപ്പ്. നിലവിൽ എസ്ബിഐ കൈമാറിയ രേഖകൾ പൂർണമല്ലെന്ന് പറഞ്ഞ കോടതി, ഇലക്‌ടറൽ ബോണ്ട് നമ്പറുകൾ കൂടി പ്രസിദ്ധീകരിക്കണമെന്നും നിർദ്ദേശം നൽകി. കേസ് തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കുമെന്നും സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി.

ഇലക്‌ടറൽ ബോണ്ട് നമ്പറുകൾ പ്രസിദ്ധീകരിച്ചെങ്കിലേ ബോണ്ട് വാങ്ങിയ ആൾ ഏത് രാഷ്‌ട്രീയ പാർട്ടിക്കാണ് പണം നൽകിയതെന്ന് വ്യക്‌തമാകൂ. ബാങ്കിന്റെ അഭിഭാഷകൻ എവിടെയെന്നും കോടതി ചോദിച്ചു. എന്നാൽ, കേസിൽ ബാങ്ക് കക്ഷി അല്ലെന്നാണ് സോളിസിറ്റർ ജനറൽ മറുപടി നൽകിയത്. സുപ്രീം കോടതിയുടെ നിർദ്ദേശം അനുസരിച്ച് എസ്ബിഐ കൈമാറിയ തിരഞ്ഞെടുപ്പ് കടപ്പത്രത്തിന്റെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ രാത്രിയാണ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചത്.

15ന് വൈകിട്ട് അഞ്ചുമണിക്കകം വിവരങ്ങൾ കമ്മീഷന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം എന്നായിരുന്നു കോടതി നിർദ്ദേശം. 2019 ഏപ്രിൽ 12 മുതൽ ഓരോ സ്‌ഥാപനവും വ്യക്‌തിയും വാങ്ങിയ ഒരുലക്ഷം, പത്ത് ലക്ഷം, ഒരു കോടി എന്നിങ്ങനെ മൂന്ന് മൂല്യങ്ങളിലുള്ള ബോണ്ടുകളുടെ വിവരമാണ് പ്രസിദ്ധീകരിച്ചത്. ചൊവ്വാഴ്‌ചയാണ് കടപ്പത്രത്തിന്റെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് എസ്ബിഐ കൈമാറിയത്.

വിവരങ്ങൾ നൽകാൻ ജൂൺ 30 വരെ സാവകാശം തേടിയുള്ള എസ്ബിഐയുടെ ഹരജി തിങ്കളാഴ്‌ച സുപ്രീം കോടതി തള്ളിയിരുന്നു. ഇതോടെയാണ് എസ്ബിഐ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പുറത്തുവന്ന ഇലക്‌ടറൽ ബോണ്ട് വിവരങ്ങൾ വലിയ തോതിലാണ് ചർച്ചയാവുന്നത്. സംഭാവന വിവാദം സർക്കാരിനെതിരെ ആയുധമാക്കി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്.

47.5 ശതമാനം ഇലക്‌ടറൽ ബോണ്ടുകളും സ്വന്തമാക്കിയത് ബിജെപിയാണ്. 6060 കോടി രൂപയാണ് ബിജെപിക്ക് 2019 മുതൽ 2024 വരെ സംഭാവനമായി കിട്ടിയത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്ന കമ്പനികൾ രാഷ്‌ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയതും വിവാദം കൊഴുക്കുന്നുണ്ട്. സാന്റിയാഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽസ് 1368 കോടിയാണ് ബോണ്ട് ഉപയോഗിച്ച് ബിജെപിക്ക് സംഭാവന നൽകിയത്.

2018 ജനുവരി രണ്ടുമുതലാണ് ഇലക്‌ടറൽ ബോണ്ടിലൂടെ സംഭാവന സ്വീകരിക്കാമെന്ന് കേന്ദ്ര സർക്കാർ വിജ്‌ഞാപനം പുറത്തിറക്കിയത്. ഇന്ത്യൻ പൗരനോ ഇന്ത്യയിൽ പ്രവർത്തിക്കുന്ന സ്‌ഥാപനങ്ങൾക്കോ പലിശയില്ലാത്ത ഇലക്‌ടറൽ ഇലക്‌ടറൽ ബോണ്ടുകൾ വാങ്ങാം. വ്യക്‌തികൾക്ക് ഒറ്റയ്‌ക്കോ സംഘമായോ വാങ്ങാനും സാധിക്കും. രാഷ്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നത് സുതാര്യമാക്കാൻ കഴിഞ്ഞ 2018ലെ പൊതുബജറ്റിലാണ് കടപ്പത്ര പദ്ധതി കേന്ദ്രം കൊണ്ടുവന്നത്. എസ്ബിഎയുടെ നിശ്‌ചിത ശാഖകളാണ് കടപ്പത്രം നൽകുക.

Most Read| ഗാസയിൽ 24 മണിക്കൂറിനിടെ 69 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE