ജയ്‌പുർ: രാജസ്‌ഥാനിലെ ജലവാർ ജില്ലയിൽ സർക്കാർ സ്‌കൂൾ കെട്ടിടം തകർന്ന് ഏഴ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. മനോഹർ താനയിലെ പിപ്‌ലോഡി സർക്കാർ സ്‌കൂളിൽ വെള്ളിയാഴ്‌ച രാവിലെ എട്ടരയോടെയാണ് സംഭവം. ഒറ്റനില കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നുവീണത്.
അപകട സമയത്ത് പരിസരത്ത് അറുപതോളം വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും ഉണ്ടായിരുന്നെന്ന് അധികൃതർ അറിയിച്ചു. എട്ട് വയസിനും 11 വയസിനുമിടയിൽ പ്രായമുള്ള വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. എട്ടാം ക്ളാസ് വരെയാണ് സ്‌കൂളിലുള്ളത്. കെട്ടിടം നേരത്തെ തന്നെ പൊളിഞ്ഞു വീഴാറായ നിലയിലായിരുന്നെന്നും ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്നതായും സ്‌കൂൾ അധികൃതർ അറിയിച്ചു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. തുടർന്നാണ് മേൽക്കൂര തകർന്നു വീണത്. ഇടിഞ്ഞുവീഴുന്ന ശബ്‌ദം കേട്ട് ഗ്രാമവാസികൾ ഓടിക്കൂടിയാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. പിന്നാലെ ദുരന്തനിവാരണ സംഘങ്ങളും ജില്ലാ കലക്‌ടറും സ്‌ഥലത്തെത്തി. സംഭവം അതീവ ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
”ഈ സമയത്ത് ദുരിതം അനുഭവിക്കുന്ന വിദ്യാർഥികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഒപ്പമാണ് എന്റെ മനസ്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നു. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ട്”- എക്‌സ് പോസ്‌റ്റിൽ പ്രധാനമന്ത്രി പറഞ്ഞു.
Most Read| മദ്യപിച്ചില്ല, ഊതിക്കലിൽ ‘ഫിറ്റാ’യി കെഎസ്ആർടിസി ഡ്രൈവർ; പ്രതി തേൻവരിക്ക!