പാലക്കാട്: മണ്ണാര്‍ക്കാട് പള്ളിക്കുറുപ്പ് ശബരി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ബസുകൾ ഇനി ‘ആശുപത്രി’യാകും. സ്കൂളിലെ നാല് ബസുകൾ ഓക്സിജൻ കിടക്കകളുള്ള ആശുപത്രിയാക്കി മാറ്റാൻ സ്കൂൾ അധികൃതർ തീരുമാനിച്ചു. ഇതാദ്യമായാണ് ഓക്സിജന്‍ നല്കാന് സംവിധാനമുള്ള താൽക്കാലിക ആശുപത്രികളാക്കി സ്കൂള്‍ ബസുകളെ മാറ്റുന്നത്.
കോവിഡ് വ്യാപനത്തോടെ സ്കൂൾ അടച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ സ്കൂള്‍ ബസുകള്‍ക്കും ഓട്ടമില്ലാതായി. അങ്ങനെയാണ് ഇത്തരമൊരു ആലോചനയിലേക്ക് എത്തിയതെന്ന് ശബരി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് പി ശശികുമാര്‍ പറഞ്ഞു.
സ്കൂളിലെ നാല് ബസുകളുടെയും ഇരിപ്പിടങ്ങള്‍ അഴിച്ചുമാറ്റി ഓക്സിജന്‍ സിലിന്‍ഡര്‍ ഘടിപ്പിച്ച കിടക്കകള്‍ സജ്ജമാക്കിയ ശേഷം ശനിയാഴ്ച കൊച്ചി കടവന്ത്രയിലെ ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ എത്തിക്കും. പാലക്കാടുള്ള വര്‍ക്ക് ഷോപ്പിലെത്തിച്ചാണ് ബസുകളിൽ കിടക്കകള്‍ ഘടിപ്പിക്കുന്നത്.
തുടർന്ന് ഈ ബസുകൾ എറണാകുളത്തെത്തിച്ച് കിടക്കകളോടു ചേര്‍ന്ന് ഓക്സിജന്‍ സിലിന്‍ഡറുകള്‍ ഘടിപ്പിക്കും. ആശുപത്രി മുറ്റത്ത് നിര്‍ത്തിയിടുന്ന ബസുകളില്‍ രോഗികളെ പ്രവേശിപ്പിച്ച് ഓക്സിജന്‍ നല്‍കും. പിന്നീടായിരിക്കും ആശുപത്രിയിലെ കിടക്കകളിലേക്ക് മാറ്റുക.
Also Read: ലോകാരോഗ്യ സംഘടനയുടെ അംഗീകാരം കൊവാക്സിനും നൽകണം; കേന്ദ്രം






































