തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതിനോട് അനുബന്ധിച്ചുള്ള ബസ് സർവീസ് ക്രമീകരണത്തെക്കുറിച്ച് ഗതാഗതമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഇന്ന് ചര്‍ച്ച നടത്തും. വൈകിട്ട് 5 മണിക്കാണ് ചര്‍ച്ച. യാത്രക്കായി കെഎസ്ആർടിസിയുടെ ബോണ്ട് സർവീസുകൾ വേണമെന്ന ആവശ്യം പല സ്കൂളുകളും മുന്നോട്ട് വച്ചിട്ടുണ്ട്.
വിദ്യാർഥികള്‍ക്കുള്ള കണ്സഷന് നിരക്ക് സംബന്ധിച്ചും ഇന്നത്തെ യോഗം തീരുമാനമെടുക്കും. ഗതാഗതവകുപ്പിലേയും വിദ്യാഭ്യാസ വകുപ്പിലേയും ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുക്കും.
ആഴ്ചയിൽ മൂന്ന് ദിവസം മാത്രം ബാച്ച് തിരിച്ച് ഉച്ചവരെ മാത്രമാണ് സ്കൂളിൽ ക്ളാസ്. സമാന്തരമായി വിക്ടേഴ്സ് വഴിയുള്ള ക്ളാസും തുടരും. അതുകൊണ്ടുതന്നെ സ്കൂളിലേക്ക് എത്തുന്ന കുട്ടികളുടെ എണ്ണം പരിമിതമായിരിക്കും. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതിനാൽ ഒരു സീറ്റിൽ ഒരു കുട്ടി എന്ന കണക്കിനാകും യാത്രാ സൗകര്യം ഒരുക്കേണ്ടത്. അതിനാൽ സ്കൂൾ ബസുകൾ മാത്രം പോരാത്ത സാഹചര്യവും ഉണ്ട്. ഇത് മുൻകൂട്ടി കണ്ടാണ് സ്കൂളുകൾ കെഎസ്ആർടിസിയുടെ സഹായവും തേടിയിട്ടുള്ളത്.
നവംബർ ഒന്നിനാണ് സ്കൂളുകൾ തുറക്കുന്നത്. അതിനാൽ അടുത്തമാസം 20നകം സ്കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് സർക്കാർ നിർദ്ദേശം.
അതേസമയം, സ്കൂള്‍ തുറക്കുന്നതിലെ മാനദണ്ഡങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എസ്സിഇആര്ടി വിളിച്ച കരിക്കുലം കമ്മിറ്റിയുടെ യോഗവും ഇന്ന് നടക്കും. സ്കൂള്‍ തുറക്കുന്നതിനുള്ള കരട് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ യോഗം തയ്യാറാക്കും. ഇതിനുശേഷമാകും അധ്യാപക സംഘടനകളുടെ യോഗം ചേരുക. അധ്യാപക സംഘടനകളുടെ യോഗത്തില്‍ ഈ കരട് നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കും. ഇതു അടിസ്ഥാനമാക്കിയാകും ചര്‍ച്ചയും തീരുമാനവുമുണ്ടാകുക. കുട്ടികള്‍ കൂടുതലുള്ള സ്കൂളുകളില്‍ രണ്ട് ഷിഫ്റ്റുകളായി പഠനം വേണമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നിട്ടുണ്ട്.
Most Read: ഗുലാബ് ചുഴലിക്കാറ്റ്; പരീക്ഷകൾ മാറ്റി, തെലങ്കാനയിൽ ഇന്ന് പൊതു അവധി








































