ബെംഗളൂരു: രാഹുൽ ഗാന്ധിയുടെ കോലാർ സന്ദർശനം വീണ്ടും മാറ്റി. ഏപ്രിൽ പത്തിന് നടത്താനിരുന്ന പരിപാടി ഏപ്രിൽ 16ലേക്ക് മാറ്റിയതായി കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. കർണാടകയിൽ സിദ്ധരാമയ്യ, ഡികെ ശിവകുമാർ പക്ഷങ്ങൾ തമ്മിൽ 25 സീറ്റുകളുടെ പേരിൽ തർക്കം തുടരുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ സന്ദർശനം മാറ്റിയത്.
സിദ്ധരാമയ്യ കോലാറിൽ മൽസരിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും അന്തിമ തീരുമാനം ആയിട്ടില്ല. ഏപ്രിൽ അഞ്ചിന് രാഹുൽ ഗാന്ധി സത്യമേവ ജയതേ യാത്രക്കായി കോലാറിൽ എത്തുമെന്നാണ് കർണാടക പിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ ആദ്യം പ്രഖ്യാപിച്ചിരുന്നത്. പിന്നീട് അത് ഏപ്രിൽ പത്തിലേക്ക് മാറ്റി. ഇപ്പോൾ വീണ്ടും തീയതി മാറ്റിയിരിക്കുകയാണ്.
കർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗത്തിലെ പരാമർശത്തെ തുടർന്നായിരുന്നു രാഹുലിനെതിരെ മാനനഷ്ടക്കേസ് എടുത്തതും പിന്നീട് തടവുശിക്ഷക്ക് വിധിക്കപ്പെട്ടതും. പിന്നാലെ രാഹുലിനെ അയോഗ്യനാക്കുകയും ചെയ്യുകയായിരുന്നു. ഇതിനെതിരെ കോൺഗ്രസ് രാജ്യവ്യാപക പ്രതിഷധങ്ങൾ നടത്തുന്ന സാഹചര്യത്തിലായിരുന്നു രാഹുൽ കോലാർ സന്ദർശിക്കാൻ തീരുമാനിച്ചത്. ഈ മാസം 11ന് രാഹുൽ വയനാട്ടിൽ എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
Most Read: അരിക്കൊമ്പനെന്ന് കരുതി ബിജെപി കൊണ്ടുപോയത് കുഴിയാനയെ; കെ സുധാകരൻ







































