ബ്രസീലിയ: കോവിഡ് കേസുകളും മരണവും വര്‍ധിക്കുന്നതിനിടെ മറ്റൊരു പ്രതിസന്ധിയെ കൂടി നേരിട്ട് ബ്രസീല്‍. 90 വര്‍ഷത്തിനിടയിലെ ഏറ്റവും തീവ്ര വരള്‍ച്ചയെയാണ് രാജ്യം നേരിടുന്നത്. വരള്‍ച്ച ശക്തമായതോടെ ബ്രസീലിലെ കാര്‍ഷിക മേഖല വലിയ ഭീഷണി നേരിടുകയാണ്.
ബ്രസീലിന്റെ സാമ്പത്തികരംഗം നിലനില്‍ക്കുന്നത് കൃഷിയെ ആശ്രയിച്ചാണ്. കാര്‍ഷിക മേഖലയിലുണ്ടാകുന്ന ചെറിയ വെല്ലുവിളികള്‍ പോലും രാജ്യത്തിന് കനത്ത സാമ്പത്തിക ബാധ്യത വരുത്തിവെക്കാറുണ്ട്. ഈ പശ്ചാത്തലത്തിൽ വരൾച്ച വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ബ്രസീലുകാര്‍ ഹൈഡ്രോ പവറിനെ ആശ്രയിച്ചാണ് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വരള്‍ച്ച ആരംഭിച്ചതോടെ ഈ മേഖല പ്രവര്‍ത്തന ക്ഷമമല്ലാത്ത നിലയിലാണ്. കൂടാതെ ഇപ്പോള്‍ തന്നെ വൈദ്യുതി ചാര്‍ജില്‍ കനത്ത വര്‍ധനവും രേഖപ്പെടുത്തി കഴിഞ്ഞു. വരള്‍ച്ച തുടര്‍ന്നാല്‍ നില കൂടുതല്‍ വഷളാകും. മാത്രവുമല്ല വെള്ളം റേഷനായി നല്‍കേണ്ട സ്ഥിതിയുണ്ടാകുമെന്ന ആശങ്കയിലാണ് ഭരണകൂടം.
ബ്രസീലിലെ മിനാസ് ഗ്രേയ്സ്, ഗോയിസ്, മറ്റോ ഗ്രാസോ ദോ സുള്, പരാന, സാവ് പോളോ എന്നീ സംസ്ഥാനങ്ങളിലാകും വരള്‍ച്ച കൂടുതൽ കഠിനമാകുക. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളിൽ ആയിരിക്കും വരള്‍ച്ച ഉണ്ടാവുകയെന്നാണ് അധികൃതര്‍ പറയുന്നത്.
അതേസമയം ആമസോണ്‍ മഴക്കാടുകളില്‍ തീ പടരാനുള്ള സാധ്യതയും വിദഗ്ധര്‍ മുന്നോട്ട് വെക്കുന്നുണ്ട്. ആമസോണില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി നടക്കുന്ന നിയമവിരുദ്ധ വനനശീകരണം കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയിൽ എത്തിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. വരള്‍ച്ചയുടെ തീവ്രത കണക്കിലെടുക്കുമ്പോള്‍ മഴക്കാടുകള്‍ക്ക് ഇക്കാലയളവില്‍ ഉണ്ടാകുന്ന നാശനഷ്ടം വളരെ വലുതായിരിക്കുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.
Most Read: കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നു, ബിജെപിയുമായി കൈകോർക്കുന്നതാണ് നല്ലത്; ശിവസേന എംഎൽഎ