ന്യൂഡെല്‍ഹി: റിപ്പബ്ളിക് ടിവി സിഇഒ അര്‍ണബ് ഗോസ്വാമിയും ബാര്‍ക് സിഇഒ പാര്‍ഥോ ദാസ് ഗുപ്‌തയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റ് പുറത്തുവന്ന വിഷയത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. തികച്ചും അപലപനീയമായ മൂന്ന് കാര്യങ്ങളാണ് അര്‍ണബിന്റെ ചാറ്റിലൂടെ പുറത്ത് വരുന്നതെന്ന് തരൂര്‍ പറഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നില്ലെങ്കില്‍ പിന്നെ ആരാണ് അന്വേഷണം നടത്തുക എന്നും തരൂര്‍ ചോദിച്ചു.
”ഇപ്പോള്‍ വിവാദമായിരിക്കുന്ന ലീക്കായ വാട്‍സ്ആപ്പ് ചാറ്റുകള്‍ മൂന്ന് അപലപനീയമായ കാര്യങ്ങളാണ് വെളിപ്പെടുത്തിത്തരുന്നത്: (1) രാജ്യസുരക്ഷ സംബന്ധിയായ രഹസ്യങ്ങള്‍ ഒരു സ്വകാര്യ ചാനലിന് വാണിജ്യപരമായ കാര്യങ്ങള്‍ക്ക് വേണ്ടി വെളിപ്പെടുത്തുക എന്നത്; (2) ‘രാജ്യസ്‌നേഹി’യെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാള്‍ നമ്മുടെ 40 പട്ടാളക്കാരുടെ മരണം ‘നമ്മള്‍ വിജയിച്ചു’ എന്ന് വിളിച്ചു പറഞ്ഞ് ആഘോഷിക്കുക എന്നത്; (3) TRPയുടെ വഞ്ചനാപരമായ കൃത്രിമത്വം.
ഈ വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നില്ലെങ്കില്‍ (ഈ വിഷയത്തിലടങ്ങിയ സങ്കീര്‍ണ്ണമായ ചതിയുടെ കഥകള്‍ കേള്‍ക്കുമ്പോള്‍ സര്‍ക്കാര്‍ ഇതിനെതിരെ അന്വേഷണം നടത്തുന്നില്ലെന്ന് തന്നെ നമുക്ക് അനുമാനിക്കേണ്ടി വരും) പിന്നെ ആരാണ് അന്വേഷണം നടത്തുക? ഇനി ഈ വിഷയത്തിന് കൂടി നമുക്ക് ഒരു പൊതുതാൽപര്യ ഹര്‍ജിയുമായി സുപ്രീം കോടതിയിലേക്ക് പോകേണ്ടി വരുമോ?” അദ്ദേഹം ഫേസ്ബുക്കില്‍ എഴുതി.
കഴിഞ്ഞ ദിവസമാണ് അര്‍ണബിന്റെയും ബാര്‍ക് സിഇഒ പാര്‍ഥോ ദാസിന്റെയും വാട്സ് ആപ്പ് ചാറ്റ് പുറത്തായത്. പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി 2019 ഫെബ്രുവരി 26ന് ഇന്ത്യ നടത്തിയ ബാലക്കോട്ട് ആക്രമണത്തെ കുറിച്ച് അര്‍ണബിന് നേരത്തെ അറിയാമായിരുന്നു എന്നും ചാറ്റില്‍ നിന്നും വ്യക്‌തമാകുന്നുണ്ട്. ടിആര്‍പി റേറ്റിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെയും കൂടുതല്‍ വിവരങ്ങള്‍ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടിലൂടെ പുറത്തു വന്നിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ഓഫീസുമായും ഭരണകക്ഷി അംഗങ്ങളുമായുമുള്ള അര്‍ണബിന്റെ അടുപ്പത്തെയാണ് പുത്തുവന്ന വാട്‌സ്ആപ്പ് ചാറ്റുകളില്‍ നിന്ന് വ്യക്‌തമാക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും ഇക്കാര്യത്തില്‍ കടുത്ത വിമർശനം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു.
Read also: മോദിയോട് പറഞ്ഞ് രക്ഷിക്കണം; അർണബും ബാർക് സിഇഒയുമായുള്ള വാട്‍സ്ആപ്പ് ചാറ്റ് പുറത്ത്