ഓടുന്ന ബസിൽ നിന്ന് പുറത്തേക്ക് വീഴാൻ തുടങ്ങിയ യാത്രക്കാരനെ ഒറ്റകൈ കൊണ്ട് ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയ കണ്ടക്ടറുടെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായത് നിമിഷനേരം കൊണ്ടാണ്. കൊല്ലം കാരാളിമുക്കിൽ വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യം ‘ദൈവത്തിന്റെ കൈ’ എന്ന ഹാഷ് ടാഗോടെയാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായത്.
ചവറ- അടൂർ-പന്തളം റൂട്ടിൽ സർവീസ് നടത്തുന്ന ‘സുനിൽ’ എന്ന ബസിൽ ഇന്നലെ ഉച്ചക്കാണ് സംഭവം നടന്നത്. ബസിന്റെ പിന്നിലൂടെ കയറിയ യാത്രക്കാരൻ ടിക്കറ്റ് എടുത്ത ശേഷം മുന്നോട്ട് പോകാൻ ശ്രമിക്കുന്നതിനിടെയാണ് ഡോർ തുറന്ന് വീഴാൻ പോയത്. പെട്ടെന്ന് തന്നെ യാത്രക്കാരൻ കണ്ടക്ടറുടെ കൈയിൽ കേറി പിടിക്കുകയായിരുന്നു. ഒന്ന് തിരിഞ്ഞു നോക്കാൻ പോലും സമയം ലഭിക്കുന്നതിന് മുൻപ് കണ്ടക്ടർ ഇയാളെ സ്റ്റെപ്പിൽ നിന്ന് പിടിച്ചു കയറ്റുകയായിരുന്നു.
കണ്ടക്ടറുടെ സമയോചിതമായ ഇടപെടൽ മൂലമാണ് വലിയ അപകടം ഒഴിവായത്. കണ്ടക്ടറായ ബിജിത്ത് ലാലിന്റെ സുഹൃത്തുക്കളാണ് വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലായി. ബസിലെ സംഭവം നാടറിഞ്ഞതോടെ ബിജിത്ത് ലാലിന് അഭിനന്ദനങ്ങളുമായി നിരവധി പേരാണെത്തിയത്.
ദൈവത്തിന്റെ കരങ്ങൾ എന്നാണ് വീഡിയോക്ക് പലരും കമന്റ് ഇടുന്നത്. വിജയ് സിനിമകളിൽ കാണുന്ന പോലുള്ള മാസ് സീനാണ് ഇതെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. വീഡിയോ വൈറലായതിനെ തുടർന്ന് പത്തനംതിട്ട എൻഫോഴ്സ്മെന്റ് ആർടിഒ ബിജിത്തിനെ അഭിനന്ദിക്കുകയും മൊമന്റോ സമ്മാനിക്കുകയും ചെയ്തു. ഒരൊറ്റ ദിവസം കൊണ്ട് സൂപ്പർ ഹീറോ പരിവേഷം ലഭിച്ച ആനന്ദത്തിലാണ് ബിജിത്ത്.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!