ബെംഗളൂരു: കോവിഡ് ബാധിതനായി മഥുര മെഡിക്കൽ കോളേജിൽ കഴിയുന്ന മലയാളി മദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് ചികിൽസ ഉറപ്പാക്കുന്നതിന് കേരളാ സർക്കാരും രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള എംപിമാരും ഇടപെടണമെന്ന് പിഡിപി ചെയര്‍മാന്‍ അബ്‌ദുൾ നാസര്‍ മഅ്ദനി. ഇതൊരു മലയാളി പൗരന്റെ ജീവന്റെ പ്രശ്‌നമാണെന്നും മഅ്ദനി ഫേസ്ബുക്ക് പോസ്‌റ്റിൽ കുറിച്ചു.
കാപ്പന്റെ ആരോഗ്യനില അതീവ ഗുരുതരമായ അവസ്‌ഥയിലാണെന്നും ആശുപത്രിയിലെ കിടക്കയിൽ പോലും ചങ്ങലയിൽ ബന്ധിച്ചാണ് അദ്ദേഹത്തെ കിടത്തിയിരിക്കുന്നതെന്നും വാർത്തകൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നു. ജുഡീഷ്യൽ കസ്‌റ്റഡിയിൽ കഴിയുന്ന, ഒരു കുറ്റവും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരു റിമാന്റ് തടവുകാരന് ലഭിക്കേണ്ട പ്രാഥമിക അവകാശത്തിന്റെ ലംഘനമാണ് ഇതെന്നും മഅ്ദനി പറഞ്ഞു.
അദ്ദേഹത്തിന് എത്രയും പെട്ടെന്ന് വിദഗ്‌ധ ചികിൽസ ലഭ്യമാക്കുന്നതിനും ജീവൻ രക്ഷിക്കുന്നതിനും കേരളാ സർക്കാരിന്റെ ഭാഗത്തു നിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണം. ഒപ്പം കേരളത്തിൽ നിന്നുള്ള രാഹുൽ ഗാന്ധി ഉൾപ്പടെടെയുള്ള എംപിമാർ വിഷയം രാഷ്‌ട്രപതിയുടെ ശ്രദ്ധയിൽ കൊണ്ടു വരണമെന്നും മഅ്ദനി ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം;
സിദ്ദിഖ് കാപ്പന്റെ ജീവൻ രക്ഷിക്കണം
കിരാത നിയമമായ യുഎപിഎ ചുമത്തപ്പെട്ട് യുപിയിൽ ജുഡീഷ്യൽ കസ്‌റ്റഡിയിൽ കഴിയുന്ന മലയാളി മാദ്ധ്യമ പ്രവർത്തകനായ സിദ്ദിഖ് കാപ്പന്റെ ആരോഗ്യനില അതീവഗുരുതരമായ അവസ്‌ഥയിലാണെന്നും ആശുപത്രിയിലെ കിടക്കയിൽ പോലും ചങ്ങലയിൽ ബന്ധിച്ചാണ് അദ്ദേഹത്തെ കിടത്തിയിരിക്കുന്നതെന്നും വാർത്തകൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നു.
ജുഡീഷ്യൽ കസ്‌റ്റഡിയിൽ കഴിയുന്ന, ഒരു കുറ്റവും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരു റിമാന്റ് തടവുകാരന് ലഭിക്കേണ്ട പ്രാഥമിക അവകാശത്തിന്റെ ലംഘനമാണ് ഇത്.
മലയാളിയും മാദ്ധ്യമ പ്രവർത്തകനുമായ അദ്ദേഹത്തിന് എത്രയും പെട്ടെന്ന് വിദഗ്‌ധ ചികിൽസ ലഭ്യമാക്കുന്നതിനും ജീവൻ രക്ഷിക്കുന്നതിനും കേരളാ ഗവൺമെന്റിന്റെ ഭാഗത്തു നിന്ന് അടിയന്തിര ഇടപെടൽ ഉണ്ടാകണം. ഒപ്പം കേരളത്തിൽ നിന്നുള്ള ശ്രീ. രാഹുൽഗാന്ധി ഉൾപ്പടെയുള്ള എംപിമാർ അടിയന്തിരമായി രാഷ്‌ട്രപതിയുടെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവന്ന് ഇടപെടൽ നടത്തിക്കണം.
ഇത് ഒരു മലയാളി പൗരന്റെ ജീവന്റെ പ്രശ്‌നമാണ്, മനുഷ്യത്വത്തിന്റെ പ്രശ്‌നമാണ്.
ഒപ്പം മുഴുവൻ സഹോദരങ്ങളും ആത്‌മാര്‍ഥമായി അദ്ദേഹത്തിന് വേണ്ടി പ്രാർഥിക്കുകയും ചെയ്യണമെന്ന് അഭ്യർഥിക്കുന്നു.