ന്യൂഡെൽഹി: പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസ്വാലയുടെ കൊലപാതകത്തിന്റെ മുഖ്യസൂത്രധാരൻ ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ചു കേന്ദ്രം. യുഎപിഎ നിയമപ്രകാരമാണ് ഗോൾഡി ബ്രാറിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചത്. ലോറൻസ് ബിഷ്ണോയി ഗുണ്ടാ സംഘത്തിലെ പ്രധാനിയായ ഗോൾഡി ബ്രാർ, സിദ്ദു മൂസ്വാലയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
2022 മെയ് 29നാണ് സിദ്ദു മൂസ്വാലയെ വെടിവെച്ച് കൊലപ്പെടുത്തിയത്. പഞ്ചാബിലെ ഫരീദ്കോട്ട് സ്വദേശിയായ ബ്രാർ, 2017ൽ കാനഡയിലേക്ക് കടന്നിരുന്നു. സതീന്ദർജിത് സിങ് എന്നാണ് യഥാർഥ പേര്. ഗോൾഡി ബ്രാറിന് നിരോധിത സിഖ് സംഘടനയുമായി ബന്ധമുണ്ടെന്നാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്.
കാനഡയിലെ ബ്രാംപ്ടണിലാണ് ഇപ്പോൾ ഗോൾഡി ബ്രാർ ഉള്ളതെന്ന് കേന്ദ്ര ആഭ്യന്തര അഡീഷണൽ സെക്രട്ടറി പ്രവീൻ വസിഷ്ഠ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. ബാബർ ഖൽസയുമായി ചേർന്നാണ് ഗോൾഡി ബ്രാർ പ്രവർത്തിക്കുന്നതെന്നും, ബാബർ ഖൽസ ഭീകര സംഘടനയാണെന്നും അറിയിപ്പിൽ പറയുന്നുണ്ട്.
നിരവധി കൊലപാതകങ്ങളിൽ ബ്രാറിന് ബന്ധമുണ്ട്. നേതാക്കളെ ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ആയുധങ്ങളും ലഹരിമരുന്നും കടത്തുന്നതുൾപ്പടെയുള്ള കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്നും പറയുന്നു. 2022 മെയ് 29നാണ് സിദ്ദു മൂസ്വാലയെ വെടിവെച്ച് കൊലപ്പെടുത്തിയത്. എഎപി സർക്കാർ സുരക്ഷ പിൻവലിച്ച് 24 മണിക്കൂറിനുള്ളിലാണ് മൂസ്വാല വെടിയേറ്റ് മരിക്കുന്നത്.
പഞ്ചാബ് മാനസയിൽ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് കാറിൽ സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കവെ ആയിരുന്നു ആക്രമണം. കാറിന് നേരെ 30 റൗണ്ടാണ് അക്രമികൾ വെടിവെച്ചത്. രണ്ട് സുഹൃത്തുക്കൾക്കും പരിക്കേറ്റു. 28കാരനായ മൂസ്വാല പഞ്ചാബ് റാപ്പ് ഗാനലോകത്തെ മിന്നും താരമായിരുന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മാന്‍സയില്‍ നിന്ന് മൽസരിച്ചിരുന്നെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ ഡോ. വിജയ് സിംഗ്ളയോട് പരാജയപ്പെട്ടിരുന്നു.
Most Read| സിൽവർ ലൈൻ പദ്ധതിക്ക് ദക്ഷിണ റെയിൽവേയുടെ റെഡ് സിഗ്നൽ







































