തിരുവനന്തപുരം: ലോകായുക്‌ത നിയമഭേദഗതിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെച്ചു. ഇതോടെ ഓർഡിനൻസ് നിലവിൽ വന്നു. വിദേശയാത്രക്ക് ശേഷം തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രാജ്‌ഭവനിൽ എത്തി ഗവർണറെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചിരുന്നു.
ഭേദഗതിക്ക് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യങ്ങളില്ലെന്നും ഭരണഘടനക്ക് വിരുദ്ധമായ അധികാരം ലോകായുക്‌തക്ക് നൽകേണ്ടതില്ലെന്നാണ് നിയമോപദേശമെന്നുമാണ് കൂടിക്കാഴ്‌ചയിൽ മുഖ്യമന്ത്രി വിശദീകരിച്ചത്. മറ്റ് സംസ്‌ഥാനങ്ങളിൽ ലോകായുക്‌തക്ക് അധികാരമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തന്റെ പരിശോധനയിലും ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ഗവർണർ മറുപടി നൽകിയെന്നാണ് വിവരം.
ലോകായുക്‌ത ഓർഡിനൻസുമായി മന്ത്രി പി രാജീവ് ജനുവരി 24ന് നേരിട്ട് രാജ്‌ഭവനിൽ എത്തിയെങ്കിലും ഗവർണർ ഒപ്പിടാൻ തയ്യാറായിരുന്നില്ല. സർക്കാർ വിശദീകരണം നൽകിയശേഷവും ഗവർണർ വഴങ്ങിയില്ല. അഡീഷനൽ അഡ്വക്കറ്റ് ജനറൽ പദവി വഹിച്ചിരുന്നയാളുമായി ഇന്ന് അദ്ദേഹം കൂടിക്കാഴ്‌ചയും നിശ്‌ചയിച്ചിരുന്നു. ഗവർണറെ അതിവേഗം അനുനയിപ്പിക്കാൻ ഇതും സർക്കാരിനെ പ്രേരിപ്പിച്ചു.
പുതിയ ഭേദഗതി
അഴിമതിക്കേസിൽ ലോകായുക്‌ത തീർപ്പ് പ്രഖ്യാപിച്ചാൽ അതു കൈമാറേണ്ടത് ഗവർണർ, മുഖ്യമന്ത്രി, സംസ്‌ഥാന സർക്കാർ എന്നീ അധികാര കേന്ദ്രങ്ങൾക്കാണ്. 1999ലെ ലോകായുക്‌ത നിയമത്തിലെ 14ആം വകുപ്പ് പ്രകാരം ലോകായുക്‌തയുടെ പ്രഖ്യാപനം അധികാരികൾ അതേപടി അംഗീകരിച്ച് കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ അധികാര സ്‌ഥാനത്തുനിന്നു നീക്കണം. ബന്ധപ്പെട്ട അധികാരി 3 മാസത്തിനകം പ്രഖ്യാപനം തള്ളിയില്ലെങ്കിൽ അത് അംഗീകരിച്ചതായി കണക്കാക്കും.
ഓർഡിനൻസ് പ്രാബല്യത്തിലാകുന്നതോടെ ലോകായുക്‌തയുടെ ഈ അധികാരം ഇല്ലാതാകും. സർക്കാർ കുറ്റാരോപിതരുടെ ഹിയറിങ് നടത്തി 3 മാസത്തിനകം ലോകായുക്‌തക്ക് തീരുമാനമെടുക്കുകയോ തള്ളുകയോ ചെയ്യാം. വിരമിച്ച സുപ്രീം കോടതി ജഡ്‌ജിയെയോ ഹൈക്കോടതി മുൻ ചീഫ് ജസ്‌റ്റിസിനെയോ ആണ് നിലവിൽ ലോകായുക്‌തയായി നിയമിക്കേണ്ടത്. ഹൈക്കോടതി മുൻ ജഡ്‌ജിമാരെയും നിയമിക്കാമെന്ന വ്യവസ്‌ഥയും ഓർഡിനൻസിലുണ്ട്.
Also Read: ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ചു; പ്രോസിക്യൂഷന് തിരിച്ചടി







































