തിരുവനന്തപുരം: സിൽവർ ലൈൻ പ്രതിഷേധക്കാരെ പോലീസ് ബൂട്ടിട്ട് ചവിട്ടിയ സംഭവത്തിൽ സിപിഒക്ക് എതിരെ അന്വേഷണ റിപ്പോർട്. പ്രതിഷേധക്കാർക്ക് നേരെ ബലപ്രയോഗത്തിന്റെ സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രതിഷേധക്കാരനെ ബൂട്ടിട്ട് ചവിട്ടിയ നടപടി ശരിയായില്ലെന്നും അത് ഒഴിവാക്കേണ്ടതായിരുന്നു എന്നുമാണ് സ്പെഷ്യൽ ബ്രാഞ്ച് വ്യക്തമാക്കുന്നത്.
സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി റൂറൽ എസ്പിക്ക് അന്വേഷണ റിപ്പോർട് കൈമാറും. മംഗലപുരം പോലീസ് സ്റ്റേഷനിലെ സിപിഒ ഷബീറിനെതിരെയാണ് അന്വേഷണ റിപ്പോർട് തയ്യാറാക്കിയത്. തിരുവനന്തപുരം റൂറൽ എസ്പിയാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.
കഴക്കൂട്ടം കരിച്ചാറയിൽ ആണ് കെ റെയിൽ പ്രതിഷേധക്കാരെ പോലീസ് ചവിട്ടി വീഴ്ത്തിയത്. സിൽവർ ലൈൻ പ്രതിഷേധവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ഉദ്യോഗസ്ഥരെ തടയുകയും പോലീസ് സംഭവത്തിൽ ഇടപെടുകയും ചെയ്തു. ഇതിനിടെയാണ് ഷബീർ ബൂട്ടിട്ട് പ്രവർത്തകനെ ചവിട്ടിയത്. ഇത് വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് റൂറൽ എസ്പി അന്വേഷണം പ്രഖ്യാപിച്ചത്.
Most Read: വധഗൂഢാലോചന കേസ്; മഞ്ജു വാര്യരുടെ മൊഴിയെടുത്തു







































