ന്യൂഡെൽഹി: കോൺഗ്രസിന്റെ ഭാവി പദ്ധതികൾ നടപ്പാക്കാൻ മൂന്ന് പുതിയ സമിതികൾക്ക് രൂപംനൽകി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി. പ്രധാന വിഷയങ്ങളിലെ മാർഗോപദേശങ്ങൾക്കുള്ള രാഷ്ട്രീയകാര്യ സമിതി, ഉദയ്പുരിൽ നടന്ന ചിന്തൻ ശിബിരിലെ ‘നവസങ്കൽപ്’ തീരുമാനങ്ങൾ നടപ്പാക്കാനുള്ള ‘ടാസ്ക് ഫോഴ്സ് 2024‘, ഒക്ടോബർ രണ്ടിന് ആരംഭിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഏകോപനത്തിനുള്ള സമിതി എന്നിങ്ങനെ മൂന്ന് സമിതികൾക്കാണ് രൂപം നൽകിയിരിക്കുന്നത്.
സോണിയാ ഗാന്ധി തന്നെയാണ് രാഷ്ട്രീയകാര്യ സമിതിയുടെ അധ്യക്ഷ. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അംബികാ സോണി, ദിഗ് വിജയ് സിങ്, കെസി വേണുഗോപാൽ, ജിതേന്ദ്ര സിങ്, ജി23 നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ എന്നിവർ ഉൾപ്പെട്ടതാണ് രാഷ്ട്രീയകാര്യ സമിതി.
പ്രിയങ്കാ ഗാന്ധി, പി ചിദംബരം എന്നിവർ ഉൾപ്പെട്ടതാണ് ടാസ്ക് ഫോഴ്സ് 2024. മുകുൾ വാസ്നിക്, ജയറാം രമേശ്, കെസി വേണുഗോപാൽ, അജയ് മാക്കൻ, രൺദീപ് സിങ് സുർജേവാല, സുനിൽ കാനുഗോലു എന്നിവരാണ് മറ്റ് അംഗങ്ങൾ. ഓരോ അംഗങ്ങൾക്കും ഫിനാൻസ്, ഇലക്ഷൻ മാനേജ്മെന്റ് തുടങ്ങി സംഘടനയുമായി ബന്ധപ്പെട്ട വിവിധ ചുമതലകൾ നൽകാനാണ് തീരുമാനം.
ദിഗ് വിജയ് സിങ്, സച്ചിൻ പൈലറ്റ്, ശശി തരൂർ, രവ്നീത് സിങ് ബിട്ടു, കെജെ ജോർജ്, ജോതി മണി, പ്രദ്യുത് ബോർദോലായ്, ജിതു പട് വാരി, സലീ അഹമ്മദ് എന്നിവരാണ് ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിക്കുന്ന കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്കുള്ള ‘ഭാരത് ജോഡോ’ യാത്രയുടെ ഏകോപനത്തിനായി രൂപവൽകരിച്ച സമിതിയിലെ അംഗങ്ങൾ.
Most Read: കേസിന് പിന്നിൽ രാഷ്ട്രീയ ശക്തികൾ; ആക്രമിക്കപ്പെട്ട നടിക്കെതിരെ ആരോപണങ്ങളുമായി മന്ത്രി








































