ന്യൂഡെൽഹി: കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ നേരിട്ട കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പാർട്ടിയിൽ പൊളിച്ചെഴുത്ത് വേണ്ടിവരുമെന്ന് സൂചന നൽകി കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി.
പാർട്ടിയുടെ പ്രകടനത്തിൽ കടുത്ത നിരാശയുണ്ട്. ഒരു ചെറിയ ഗ്രൂപ്പ് രൂപീകരിച്ച് കാരണങ്ങൾ കണ്ടെത്തി ഉടൻ റിപ്പോർട് നൽകാൻ ആവശ്യപ്പെടും. ഇതിന്റെ അടിസ്ഥാനത്തിലാകും പാർട്ടി വീണ്ടും ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുകയെന്നും സോണിയ പറഞ്ഞു. പ്രതീക്ഷിച്ചതിനേക്കാൾ പ്രകടനം മോശമായത് എന്തുകൊണ്ടാണെന്ന് തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ നേതാക്കൾ പറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സോണിയാ ഗാന്ധി കൂട്ടിച്ചേർത്തു.
ഇടതുപാർട്ടികളുമായി കൈകോർത്ത ബംഗാളിലും ഭരണപ്രതീക്ഷ നിലനിർത്തിയ കേരളത്തിലും ഉൾപ്പടെ കടുത്ത തിരിച്ചടിയാണ് കോൺഗ്രസിന് നേരിടേണ്ടിവന്നത്. ബംഗാളിൽ 213 സീറ്റിൽ തൃണമൂൽ കോൺഗ്രസും 73 സീറ്റിൽ ബിജെപിയും വിജയം കൊയ്തപ്പോൾ കോൺഗ്രസ്-ഇടതുപക്ഷ സഖ്യത്തിന് ഒരു സീറ്റ് പോലും നേടാനായിരുന്നില്ല.
പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികളിലേക്കും കോൺഗ്രസ് കടക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജൂൺ 23ന് പുതിയ അധ്യക്ഷനായുള്ള തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ജൂൺ 7നകം നാമനിർദേശ പത്രിക സമർപ്പിക്കാം.
Read also: സംസ്ഥാന മന്ത്രിസഭ; രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് ജോസ് കെ മാണി







































