ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാരിനെതിരെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ ട്രസ്‌റ്റ് സെക്രട്ടറിയായി ചുമതലയേറ്റ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോഴിക്കോട് ഫറൂഖ് കോളെജിലെ മുന്‍ ചരിത്ര അധ്യാപകനും പ്രിന്‍സിപ്പലുമായ ഡോ.പി.എം മുബാറക് പാഷയെയാണ് സര്‍ക്കാര്‍ ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയുടെ വിസി സ്‌ഥാനത്തേക്ക് നിയോഗിച്ചത്. ശ്രീനാരായണ ഗുരുദേവന്റെ പേരില്‍ സ്‌ഥാപിക്കപ്പെട്ട ഓപ്പണ്‍ സര്‍വകലാശാലയുടെ മേധാവിയായി ശ്രീനാരായണീയ ദര്‍ശനം ആഴത്തില്‍ പഠിച്ചയാളെ നിയമിക്കണമെന്ന തങ്ങളുടെ ആവശ്യം സര്‍ക്കാര്‍ തള്ളി. പിന്നാക്ക- അധഃസ്‌ഥിത വിഭാഗങ്ങളെ അധികാര ശ്രേണിയില്‍ നിന്നു ആട്ടിയകറ്റുന്ന പതിവാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ചതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
Read Also: സമാധാന നൊബേല്‍ പുരസ്‌ക്കാരം വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്
വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെയും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലര്‍ ആയി പ്രവാസിയെ നിയമിച്ചതിന് പിന്നില്‍ മന്ത്രി കെ.ടി. ജലീല്‍ വാശി കാണിച്ചെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം. നവോഥാനം മുദ്രാവാക്യമായി കൊണ്ടു നടക്കുന്ന ഇടതുപക്ഷം ഭരിക്കുമ്പോള്‍ അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു. സര്‍വകലാശാലയുടെ ഉല്‍ഘാടന ചടങ്ങിലേക്ക് എസ്.എന്‍.ഡി.പി.യുമായി ബന്ധപ്പെട്ടവരെ ക്ഷണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഡോ. പി.എം മുബാറക് പാഷ നിലവില്‍ ഓമാന്‍ സര്‍വകലാശാലയിലെ ഡീന്‍ ആയി പ്രവര്‍ത്തിക്കുകയാണ്. നിയമനം സംബന്ധിച്ച തീരുമാനത്തിന് പിന്നാലെ സര്‍വകലാശാല വിസി, പ്രോ വിസി, രജിസ്ട്രാര്‍ നിയമനങ്ങള്‍ ചട്ടവിരുദ്ധമെന്ന് പരാതിയും ഉയര്‍ന്നിട്ടുണ്ട്. യുജിസി, സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് വേണ്ട യോഗ്യത ഇല്ലാത്തവരെ നിയമിച്ചു എന്നാണ് ആക്ഷേപം. നിയമനങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി സമിതി ഗവര്‍ണര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.
Also Read: ലൈഫ് മിഷന്‍; സി ബി ഐ കേസ് ഡയറി സമര്‍പ്പിച്ചു