കണ്ണൂർ: കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. ജില്ലയിൽ ബോംബ് നിർമാണവും, സ്ഫോടനങ്ങളും വ്യാപകമായതിന്റെ പശ്ചാത്തലത്തിൽ ഇന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ആമ്പിലാട് മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്.
ആളൊഴിഞ്ഞ പറമ്പിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു ബോംബുകൾ. തലശേരി എരഞ്ഞോളിയിൽ കഴിഞ്ഞ ദിവസം ബോംബ് പൊട്ടി കെകെ വേലായുധൻ (90) എന്ന വയോധികൻ കൊല്ലപ്പെട്ടിരുന്നു. വീടിനോട് ചേർന്നുള്ള പറമ്പിൽ തേങ്ങ പെറുക്കാൻ എത്തിയപ്പോഴായിരുന്നു സ്ഫോടനം. പറമ്പിൽ നിന്ന് കിട്ടിയ വസ്തു ബോംബാണെന്ന് അറിയാതെ തുറന്നപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു.
അതിനിടെ, ബോംബ് നിർമാണം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞിരുന്നു. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്ക് എതിരെ കർശന നടപടിയുണ്ടാകും. എരഞ്ഞോളി ബോംബ് സ്ഫോടനം ദൗർഭാഗ്യകരമാണെന്നും സംഭവത്തിൽ തലശേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Most Read| ചരിത്രപരമായ തീരുമാനം; സ്ത്രീകൾക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി യുഎഇ