അബുദാബി: റംസാനിൽ അനധികൃത പണപ്പിരിവിന് ഭിക്ഷാടനത്തിനുമെതിരെ നടപടി കർശനമാക്കി യുഎഇ. ലൈസൻസ് എടുക്കാതെ തെരുവ് കച്ചവടം ചെയ്യുന്നവരും പിടിയിലാകും. നിയമം ലംഘിക്കുന്നവർക്ക് കടുത്ത കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ജനങ്ങളുടെ അനുകമ്പ ചൂഷണം ചെയ്ത് പണപ്പിരിവും ഭിക്ഷാടനവും വ്യാപകമാകാനിടയുള്ള പശ്ചാത്തലത്തിലാണ് നിയമം കടുപ്പിക്കുന്നത്. യുഎഇയിൽ അംഗീകൃത ഏജൻസികൾക്ക് മാത്രമാണ് ധനസമാഹരണത്തിനും സംഭാവന സ്വീകരിക്കാനും അനുമതി. നിയമം ലംഘിച്ച് ധനസമാഹരണം നടത്തുന്നവർക്ക് തടവും രണ്ടുലക്ഷം മുതൽ അഞ്ചുലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ.
പിരിച്ച സംഖ്യ കോടതി ഇത്തരവിലൂടെ പിടിച്ചെടുക്കുമെന്ന് സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ധനസമാഹരണവും സംഭാവനകളും അർഹരായവരിലേക്ക് എത്തുന്നെന്ന് ഉറപ്പാക്കുന്നതിന് അംഗീകൃത ഏജൻസികൾക്ക് മാത്രമേ സംഭാവന നൽകാവൂ എന്നും അറിയിച്ചു. ഇതിനായി ഫെഡറൽ, പ്രാദേശിക ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകീകരിച്ച് പ്രവർത്തിക്കുകയാണ്.
റംസാനിൽ റസ്റോറന്റുകൾ നേരിട്ട് ഭക്ഷണപ്പൊതികൾ സംഭാവന ചെയ്യാൻ പാടില്ലെന്നും അംഗീകൃത ഏജൻസികൾ വഴി മാത്രമേ ഇവർ വിതരണം ചെയ്യാവൂ എന്നുമാണ് നിയമം. ജീവകാരുണ്യത്തിനായി ശേഖരിച്ച തുക വകമാറ്റി ചിലവാക്കുന്നവർക്ക് 1.5 ലക്ഷം മുതൽ മൂന്നുലക്ഷം ദിർഹം വരെ പിഴ ചുമത്തും. ചാരിറ്റി സംഘടനയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണപ്പിരിവ് നടത്തിയാൽ ഒരുലക്ഷം ദിർഹമാണ് പിഴ.
Most Read| ‘രാജ്യാന്തര സഹായങ്ങൾ കൊണ്ടു ജീവിക്കുന്ന പരാജയപ്പെട്ട രാഷ്ട്രം’; പാക്കിസ്ഥാനെതിരെ ഇന്ത്യ