പാലക്കാട്: എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രാദേശികനേതാവ് സുബൈറിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി പോലീസ് കസ്‌റ്റഡിയിൽ. ഗൂഢാലോചനയിൽ പങ്കെടുത്ത അട്ടപ്പള്ളം സ്വദേശിയെയാണ് പോലീസ് കസ്‌റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്‌റ്റ് രേഖപ്പെടുത്തിയിട്ടില്ല.
സുബൈർ വധക്കേസിലെ മുഖ്യപ്രതി രമേശിന്റെ സുഹൃത്താണ് ഇയാൾ. രമേശ് അടക്കമുള്ളവരോടൊപ്പം ഗൂഢാലോചനകളിൽ പങ്കാളികളായ ഇയാൾക്ക് സുബൈർ കൊല്ലപ്പെടുമെന്ന് വ്യക്‌തമായ ധാരണയുണ്ടായിരുന്നിട്ടും ഈ വിവരം മറച്ചുവെച്ചതും നടപടി സ്വീകരിക്കുന്നതിന് കാരണമായതായി സൂചനയുണ്ട്.
അതേസമയം, പോലീസ് കസ്‌റ്റഡിയിൽ വാങ്ങിയ മുഖ്യപ്രതി രമേശ്, ആറുമുഖൻ, ശരവണൻ എന്നിവരുമായി വ്യാഴാഴ്‌ച ഉച്ചയോടെ കൃത്യം നടന്ന എലപ്പുള്ളി നോമ്പിക്കോടിന് സമീപം കുപ്പിയോട് റോഡരികിൽ പോലീസ് തെളിവെടുപ്പ് നടത്തി.
ഉച്ചക്ക് പന്ത്രണ്ടരയോടെ കനത്ത പോലീസ് കാവലിൽ അധികമാരും അറിയാതെയാണ് പ്രതികളെ സംഭവസ്‌ഥലത്ത് എത്തിച്ചത്. അന്വേഷണ ഉദ്യോഗസ്‌ഥനായ ഡിവൈഎസ്‌പി എസ് ഷംസുദ്ദീൻ പോലീസ് സംഘത്തിന് നേതൃത്വം നൽകി.
കേസുമായി ബന്ധപ്പെട്ട് മറ്റു ചിലയിടങ്ങളിലും പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. ഗൂഢാലോചനയടക്കമുള്ള വിഷയങ്ങളിൽ അന്വേഷണം ശക്‌തമാകുന്നതോടെ പ്രതികളുടെ എണ്ണം കൂടാൻ സാധ്യതയുണ്ട്.
Most Read: മധ്യപ്രദേശ് പ്രതിപക്ഷ സ്‌ഥാനം രാജിവെച്ച് കമൽനാഥ്







































