കോഴിക്കോട്: പ്രണയ വിവാഹത്തിന് പിന്തുണ നൽകിയതിന് സിപിഐ ബ്രാഞ്ച് അംഗത്തിന് നേരെ വധശ്രമം. സിപിഐ വെള്ളിമാടുകുന്ന് ബ്രാഞ്ച് അംഗവും കോഴിക്കോട്ടെ സാംസ്‌കാരിക-ജീവകാരുണ്യ സംഘടനയായ റെഡ് യങ്‌സ് വെള്ളിമാടുകുന്നിന്റെ അഡ്വൈസറി ബോർഡ് അംഗവുമായ റിനീഷ് കയ്യാലത്തോടിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി 8.45 ഓടെയാണ് സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ റിനീഷ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
കോവൂരിലെ ടെക്‌സ്‌റ്റൈൽസ് സ്‌ഥാപനം അടച്ച് ബൈക്കിൽ വീട്ടിലേക്ക് വരുമ്പോൾ വീടിന് മുൻവശത്ത് വെച്ചായിരുന്നു ആക്രമണം. ആക്രമി സംഘം റിനീഷ് അല്ലേയെന്ന് ചോദിച്ച് ഹെൽമറ്റ് അഴിക്കാൻ പറഞ്ഞശേഷം കത്തി പിടിപ്പിച്ച ഇരുമ്പു ദണ്ഡുകൊണ്ട് തലയ്‌ക്ക് അടിക്കുകയായിരുന്നു. ആക്രമണം ചെറുക്കാൻ ശ്രമിക്കുന്നതിനിടെ റിനീഷിന്റെ കൈകൾക്കും പരിക്കേറ്റിട്ടുണ്ട്. വീട്ടിൽ ഉണ്ടായിരുന്ന സഹോദരി ഭർത്താവ് ഓടി വരുമ്പോഴേക്കും അക്രമികൾ ഓടി രക്ഷപെട്ടു. റിനീഷിന്റെ തലയിൽ 21 തുന്നുകളുണ്ട്.
പാലോറ അനിരുദ്ധനും ഭാര്യ അജിതയും നൽകിയ ക്വട്ടേഷൻ ആണെന്ന് പറഞ്ഞായിരുന്നു ആക്രമണമെന്ന് റിനീഷ് പറഞ്ഞു. ക്വട്ടേഷൻ നൽകിയെന്ന് പറഞ്ഞ ദമ്പതികളുടെ മകളുമായി റിനീഷിന്റെ ഭാര്യാ സഹോദരൻ പ്രണയത്തിലായിരുന്നു. ഇവരിപ്പോൾ വിവാഹിതരായി വിദേശത്ത് താമസിക്കുകയാണ്. ഈ പ്രണയ വിവാഹത്തിന് പിന്തുണ നൽകിയത് റിനീഷ് ആയിരുന്നു. വിഷയത്തിൽ നേരത്തെയും റിനീഷിന് ഭീഷണി ഉണ്ടായിരുന്നു. അതേസമയം, റിനീഷിനെതിരെയുള്ള കൊലപാത ശ്രമത്തിൽ സിപിഐ ചേവായൂർ ലോക്കൽ കമ്മിറ്റിയും നോർത്ത് മണ്ഡലം കമ്മിറ്റിയും പ്രതിഷേധിച്ചു. പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് ഇവരുടെ ആവശ്യം.
Most Read: ആന്ധ്രാപ്രദേശിലും ഒമൈക്രോൺ സ്‌ഥിരീകരിച്ചു






































