ഹൈദരാബാദ്: കോവിഡിന്റെ ഒമൈക്രോണ്‍ വകഭേദം ആന്ധ്രാപ്രദേശിലും സ്‌ഥിരീകരിച്ചു. അയര്‍ലന്‍ഡ് സന്ദര്‍ശിച്ച് എത്തിയ 34 കാരനാണ് രോഗബാധ സ്‌ഥിരീകരിച്ചത്. നവംബര്‍ 27നാണ് ഇയാള്‍ മുംബൈ വഴി വിശാഖപട്ടണം വിമാനത്താവളത്തില്‍ എത്തിയത്.
കോവിഡ് ഇല്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായാണ് ഇയാള്‍ എത്തിയിരുന്നത്. എന്നാൽ വിശാഖപട്ടണത്ത് വച്ച് വീണ്ടും പരിശോധന നടത്തിയപ്പോൾ പോസിറ്റിവ് ആവുകയായിരുന്നു. അതേസമയം ഇയാൾക്ക് പ്രത്യേക ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്നവരെ നിരീക്ഷണത്തിലാക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
രാജ്യത്ത് ഒമൈക്രോണ്‍ സ്‌ഥിരീകരിക്കുന്ന ആറാമത്തെ സംസ്‌ഥാനമാണ് ആന്ധ്ര. നിലവിൽ വിദേശത്ത് നിന്ന് ആന്ധ്രയിലെത്തിയ 15 പേരുടെ സാമ്പിളുകള്‍ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.
അതേസമയം രാജ്യത്ത് ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 35 ആയി ഉയർന്നു. ആന്ധ്രാപ്രദേശിലും ഛണ്ഡിഗഡിലും ഇന്ന് ഓരോ കേസുകള്‍ വീതം സ്‌ഥിരീകരിച്ചു. രാജ്യത്തെ ഒമൈക്രോൺ കേസുകളിൽ കൂടുതലും റിപ്പോർട് ചെയ്‌തിരിക്കുന്നത് മഹാരാഷ്‌ട്രയിലാണ്. 17 പേർക്കാണ് ഇവിടെ രോഗബാധ കണ്ടെത്തിയത്. ഇതോടെ സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്.
രാജസ്‌ഥാൻ, ഡെൽഹി, ഗുജറാത്ത്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും ഒമൈക്രോൺ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ, കേരളമുൾപ്പടെ പത്ത് സംസ്‌ഥാനങ്ങളോട് ടിപിആർ ഉയർന്ന ജില്ലകളിൽ നിയന്ത്രണം കടുപ്പിക്കാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.
Most Read: എന്ത് ചെയ്‌താലും പഞ്ചാബിൽ ബിജെപി ജയിക്കാൻ പോവുന്നില്ല; മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നി