ന്യൂ ഡെല്‍ഹി : പൊതുസ്‌ഥലങ്ങളിൽ ആളുകളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് തടസം സൃഷ്‌ടിക്കുന്ന തരത്തിലുള്ള സമരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സുപ്രീംകോടതി. പൗരത്വ ഭേദഗതിക്കെതിരായ ഷഹീന്‍ ബാഗ് സമരവുമായി ബന്ധപ്പെട്ട് നൽകിയ പൊതുതാല്‍പര്യ ഹരജിയിലാണ് ഇപ്പോള്‍ സുപ്രീംകോടതിയുടെ സുപ്രധാന വിധി വന്നിരിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ സമരം ചെയ്യാനുള്ള അവകാശത്തിനൊപ്പം തന്നെ സഞ്ചാര സ്വാതന്ത്ര്യത്തിനുള്ള അവകാശവും ഉണ്ടെന്നും ഇവ രണ്ടും ഒത്തുപോകേണ്ടത് അനിവാര്യമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ജസ്‌റ്റിസ് എസ്‌കെ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് ഇപ്പോള്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഷഹീന്‍ ബാഗ് കേസില്‍ ആദ്യം സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരുന്നത് സമരക്കാരെ ഒഴിപ്പിക്കാനായായിരുന്നു. ശേഷം മാർച്ച് മാസത്തോടെ സമരക്കാരെ ഒഴിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീടും ഹരജി സുപ്രീംകോടതിയിൽ തുടർന്നു. ഇപ്പോള്‍ ഷഹീന്‍ ബാഗ് പ്രശ്‌നത്തില്‍ പ്രസക്‌തി ഇല്ലങ്കിലും പൊതുസ്‌ഥലങ്ങളിൽ ആളുകള്‍ക്ക് ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്ന വിഷയത്തിന് പ്രസക്‌തി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി ഹരജി പരിഗണിക്കുകയായിരുന്നു. ശേഷമാണ് കേസില്‍ സുപ്രധാന വിധി പുറപ്പെടുവിച്ചത്.
ജനാധിപത്യവും എതിര്‍പ്പും ഒരുമിച്ചു മുന്നോട്ട് കൊണ്ടുപോകേണ്ടത് അനിവാര്യമാണെന്ന് സുപ്രീംകോടതി പറഞ്ഞു. സമാധാനപരമായ സമരം ഭരണഘടനാ അവകാശം ആണെന്ന പോലെ തന്നെ സഞ്ചാരസ്വാതന്ത്ര്യം ഭരണഘടനാ അവകാശം ആണെന്ന് കോടതി ചൂണ്ടിക്കാട്ടി. സമരങ്ങള്‍ പ്രത്യേക സ്‌ഥലത്തു നടത്തണമെന്നും അതുമൂലം ജനങ്ങള്‍ക്ക് യാതൊരു വിധ ബുദ്ധിമുട്ടും ഉണ്ടാകാന്‍ പാടില്ലായെന്നും കോടതി പറഞ്ഞു. ഒപ്പം തന്നെ പൊതുസ്‌ഥലങ്ങള്‍ കൈയേറിയുള്ള സമരങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ കോടതിയുടെ അനുവാദം കാത്തുനില്‍ക്കേണ്ട ആവശ്യം ഇല്ലെന്നും, ഗതാഗതത്തിന്റെ സഞ്ചാരം സുഗമമായി നടക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പ് വരുത്തണമെന്നും കോടതി ഉത്തരവില്‍ വ്യക്‌തമാക്കി.
Read also : ഹത്രസ് കേസ്; അന്തിമ റിപ്പോർട്ട് ഇന്നില്ല, സമയം നീട്ടി നൽകി







































