മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ ബോട്ടപകടം നടന്ന താനൂരിലെത്തി. തിരുവനന്തപുരത്ത് നിന്ന് പത്തരയോടെയാണ് മുഖ്യമന്ത്രി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിയത്. ചികിൽസയിൽ കഴിയുന്നവരെ മുഖ്യമന്ത്രി സന്ദർശിച്ചു. മന്ത്രി ആന്റണി രാജു, എംവി ഗോവിന്ദൻ അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ട്. അപകടത്തിൽ മരിച്ചവരുടെ വീടുകൾ സന്ദർശിക്കാനായി മുഖ്യമന്ത്രി പരപ്പനങ്ങാടിയിലേക്ക് പുറപ്പെട്ടു.
ബോട്ട് അപകടത്തിൽ സംസ്‌ഥാന സർക്കാർ ഇന്ന് തന്നെ ധനസഹായം പ്രഖ്യാപിക്കുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. മരിച്ചവരുടെ വീട് സന്ദർശിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ താനൂരിൽ പ്രത്യേക യോഗവും ചേരും. ആരോഗ്യമന്ത്രി വീണാ ജോർജും മലപ്പുറത്തേക്ക് തിരിച്ചിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ ഉള്ളവരെ ആരോഗ്യമന്ത്രി സന്ദർശിക്കും ഇവരുടെ ചികിൽസയും ഉറപ്പാക്കും.
രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി മന്ത്രിമാരായ വി അബ്‌ദുറഹിമാനും പിഎ മുഹമ്മദ് റിയാസും സ്‌ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ഇതുവരെ 22 പേരാണ് മരിച്ചത്. മരിച്ചവരിൽ ഒരു കുടുംബത്തിലെ 11 പേരാണുള്ളത്. പരപ്പനങ്ങാടി കുന്നുമ്മൽ വീട്ടിലെ അംഗങ്ങളാണിവർ. വീട്ടിലെ പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങൾ സമീപത്തെ മദ്രസയിലേക്ക് മാറ്റി.
Related News: താനൂർ ബോട്ട് ദുരന്തം: ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും; 2 ലക്ഷം രൂപ സഹായവും