മലപ്പുറം: താനൂരിൽ ബോട്ടപകടം ഉണ്ടായ തൂവൽ തീരത്ത് ഇന്നും ദേശീയ ദുരന്ത നിവാരണ സേന തിരച്ചിൽ ആരംഭിച്ചു. ഇന്നലെ വൈകിട്ടോടെ 15 അംഗ സേനാ യൂണിറ്റ് കൂടി ദൗത്യസംഘത്തിന് ഒപ്പം ചേർന്നിരുന്നു. ആരെയും കണ്ടെത്താൻ ഉള്ളതായി ഇല്ലെങ്കിലും ഇന്ന് കൂടി തിരച്ചിൽ തുടരാനാണ് തീരുമാനം. എത്രപേർ ബോട്ടിൽ കയറിയെന്ന കൃത്യമായ കണക്ക് കിട്ടാത്തതാണ് പ്രതിസന്ധി. സംഭവവുമായി ബന്ധപ്പെട്ട് ആരെയും കാണാനില്ലെന്ന പരാതി നിലവിലില്ല.
അതേസമയം, പിടിയിലായ ബോട്ടുടമ നാസറിനെ ഇന്ന് താനൂർ പോലീസ് കോടതിയിൽ ഹാജരാക്കും. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സംഘം ബോട്ട് വിശദമായി പരിശോധിച്ചേക്കും. ബോട്ടിലെ സ്രാങ്ക് ഉൾപ്പടെ ഉള്ളവർക്കായി അന്വേഷണം തുടരുകയാണ്. ബോട്ട് ഓടിച്ചിരുന്ന താനൂർ ഒട്ടുംപുറം സ്വദേശിയായ സ്രാങ്ക് ദിനേശനും ജീവനക്കാരൻ രാജനും ഒളിവിലാണ്.
താനൂർ സ്വദേശിയായ നാസറിനെ കോഴിക്കോട് ബീച്ച് ആശുപത്രി സമീപത്തു നിന്നാണ് താനൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്. നാസറിനെതിരെ നരഹത്യാ കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മുൻ ദിവസങ്ങളിൽ അമിതമായി യാത്രക്കാരെ കയറ്റി ദിനേശൻ ബോട്ട് ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ മൽസ്യത്തൊഴിലാളികൾ പുറത്തുവിട്ടിരുന്നു. അതേസമയം, അപകടത്തിൽപ്പെട്ട ബോട്ടിന് രജിസ്‌ട്രേഷനോ ബോട്ട് ഓടിച്ച സ്രാങ്കിന് ലൈസൻസോ ഇല്ലെന്ന് വ്യക്‌തമായിട്ടുണ്ട്.
സർവേ നടപടികൾ പൂർത്തിയാക്കിയതിന്റെ ഭാഗമായുള്ള ഫയൽ നമ്പർ രജിസ്ട്രേഷൻ നമ്പറായി എഴുതിച്ചേർത്ത് ബോട്ടുടമ തട്ടിപ്പ് നടത്തുക ആയിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. ഉദ്യോഗസ്‌ഥർ ഇതിന് കൂട്ടുനിന്നതിന്റെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രതിക്കെതിരെ ഇന്ന് കൂടുതൽ വകുപ്പുകൾ ചുമത്താനാണ് സാധ്യത. അതേസമയം, ബോട്ട് ദുരന്തം അന്വേഷിക്കാൻ 14 അംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. താനൂർ ഡിവൈഎസ്‌പിക്കാണ് അന്വേഷണ ചുമതല.
Most Read: ‘ദി കേരള സ്‌റ്റോറി’; ബംഗാളിൽ പ്രദർശനം വിലക്കിയതായി മുഖ്യമന്ത്രി