മലപ്പുറം: താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 11 ആയി. നാലു കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ബോട്ടിൽ മുപ്പതോളം പേരുണ്ടായിരുന്നതായാണ് വിവരം.
ഇരുപതോളം പേരെ രക്ഷപ്പെടുത്തി. കാണാതായവർക്കുള്ള തിരച്ചിൽ തുടരുകയാണ്.വെളിച്ചക്കുറവും വീതി കുറഞ്ഞ വഴികളും ചെളി നിറഞ്ഞ തീരവും രക്ഷാപ്രവർത്തനത്തിനു പ്രതിസന്ധിയായെന്നു നാട്ടുകാർ പറയുന്നുണ്ട്. എന്നാൽ, മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടൽ നടന്നു വരികയാണ്. താനൂർ, തിരൂർ ഫയർ യൂണിറ്റുകളും പൊലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും, നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.
അതേസമയം, അപകടത്തിൽപ്പെട്ട ബോട്ടിൽ അനുവദനീയമായതിലും അധികം ആളുകളെ കയറ്റിയിരുന്നതായാണ് സൂചന. ബോട്ടിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ മുപ്പതിലധികം പേർ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. യാത്രക്കാരുടെ എണ്ണം 70 വരെയാകാമെന്ന് നാട്ടുകാരിൽ ചിലർ ആദ്യം സൂചിപ്പിച്ചിരുന്നു. എന്നാൽ മുപ്പതു പേരെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. ഇതുവരെ ഇരുപതിലധികം പേരെ രക്ഷപ്പെടുത്തി. തീരത്തുനിന്ന് അവസാന ട്രിപ്പിനു പോയവരാണ് അപകടത്തിൽപ്പെട്ടത്.
വിനോദ സഞ്ചാരത്തിനെത്തിയ ആളുകളാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ആറു മണി വരെയാണ് സർവീസിന് അനുമതി ഉണ്ടായിരുന്നതെങ്കിലും അത് ലംഘിച്ചാണ് ഏഴ് മണിക്ക് സർവീസ് നടത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. ബോട്ട് മറിഞ്ഞത് ചെളി നിറഞ്ഞ ഭാഗത്തായത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. രക്ഷാപ്രവർത്തനം ആരംഭിക്കുമ്പോൾ ബോട്ട് തലകീഴായി മറിഞ്ഞ അവസ്ഥയിലായിരുന്നു. ഇതും തിരിച്ചടിയായി. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ബോട്ട് ഉയർത്താനായത്.
പരപ്പനങ്ങാടി, താനൂർ നഗരസഭകളുടെ അതിർത്തിയിലാണ് ഒട്ടുംപുറം തൂവൽതീരം. ഇവിടെനിന്ന് ആളുകളെ പരപ്പനങ്ങാടി നഹാസ്, ജെ.എസ്.മിഷന്‍, തിരൂരങ്ങാടി താലൂക്ക് ആശുപത്രി, കോട്ടക്കല്‍, താനൂരിലെ വിവിധ ആശുപത്രികൾ എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, വി അബ്‌ദു റഹിമാൻ എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും.
Most Read: മൊബൈൽ ഫോൺ നിലവിൽ വന്നിട്ട് 50 വർഷം








































