ന്യൂഡെൽഹി: മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 18 പേർ മരിച്ച സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി രാഷ്‌ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതം ധനസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ അപകടം നടന്ന താനൂരിൽ എത്തും. പ്രതിപക്ഷ നേതാവ് വിഡി സതീശനും അപകടസ്‍ഥലം സന്ദർശിക്കും. ഇന്ന് നടത്താനിരുന്ന സംസ്‌ഥാനത്തെ എല്ലാ ഔദ്യോഗിക പരിപാടികളും ബോട്ട് ദുരന്തത്തിന്റെ പാശ്‌ചാത്തലത്തിൽ ദുഃഖാചരണത്തിന്റെ ഭാഗമായി റദ്ദാക്കിയതായി ചീഫ് സെക്രട്ടറി വിപി ജോയ് അറിയിച്ചു.
അതേസമയം, അപകടത്തിൽപ്പെട്ട ബോട്ടിൽ 40 മുതൽ 50 യാത്രക്കാർ ഉണ്ടായിരുന്നുവെന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട താനൂർ സ്വദേശിയായ ഷഫീഖ് പറയുന്നുണ്ട്. രാത്രി ഏഴു മണിയോടെയാണ് അവസാന ട്രിപ്പിനായി ബോട്ട് എടുത്തതെന്ന് ഷഫീഖ് വെളിപ്പെടുത്തുന്നു.
‘കരയിൽനിന്ന് അര കിലോമീറ്ററോളം പോയപ്പോഴാണ് ബോട്ട് ഒരു വശത്തേക്ക് ചരിഞ്ഞത്. ഇതോടെ ബോട്ടിലുണ്ടായിരുന്നവർ ആ വശത്തേക്ക് നീങ്ങിപ്പോയി. ഇതോടെ ഒരു സൈഡിലേക്ക് ഭാരമേറിയ ബോട്ട് തലകീഴായി മറിഞ്ഞു’ -ഷഫീഖ് പറഞ്ഞു. എന്നാൽ, ദുരന്തത്തിന്റെ യഥാർഥ ചിത്രം ഇപ്പോഴും വ്യക്‌തമല്ല.
Related Read: താനൂർ ബോട്ട് ദുരന്തം; മൊബൈൽ ആപ്പിന് രൂപം കൊടുത്താൽ ആവർത്തിക്കാതിരിക്കാം