തിരുവനന്തപുരം: ഓപ്പറേഷൻ തിയേറ്ററുകളിൽ ഹിജാബിന് പകരമായി ശിരോവസ്ത്രവും നീളൻ കൈയുള്ള സ്ക്രമ്പ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്ന വിദ്യാർഥിനികളുടെ ആവശ്യത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഏഴ് എംബിബിഎസ് വിദ്യാർഥികളുടെ കത്ത് രാഷ്ട്രീയ തീരുമാനം എടുക്കേണ്ട ഒരു വിഷയമല്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
സാങ്കേതിക വിഷയമായതിനാൽ ആരോഗ്യ പ്രോട്ടോകോൾ സംബന്ധിച്ച് അധ്യാപകർ തന്നെ വിദ്യാർഥികളോട് വിശദീകരിക്കുമെന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ അവരുടെ അധ്യാപകരോട് ഒരു കാര്യം ആവശ്യപ്പെട്ടു. അത് അധ്യാപകർ പരിശോധിച്ചു തീരുമാനിക്കും. ഓപ്പറേഷൻ തിയേറ്ററിൽ സ്വീകരിക്കേണ്ട നടപടികൾ ഡോക്ടർമാരുടെ സംഘടന തന്നെ വിശദീകരിച്ചു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
ഏതെങ്കിലും ഒരു ഭരണകൂടമാണ് ഓപ്പറേഷൻ തിയേറ്ററിലെ കാര്യങ്ങൾ തീരുമാനിക്കുന്നത്. ഇത് തികച്ചും സാങ്കേതികമാണ്. പ്രോട്ടോകോൾ അടിസ്ഥാനത്തിൽ ഓപ്പറേഷൻ തിയേറ്ററിൽ അണുബാധയേൽക്കാതെ രോഗിയെ സംരക്ഷിക്കണം എന്നാണ്. അതിനുവേണ്ടിയാണ് ഓപ്പറേഷൻ തിയേറ്റർ സജ്ജമാക്കിയിരിക്കുന്നത്. അറ്റകുറ്റപ്പണി നടത്തേണ്ടിവന്നു തീയേറ്റർ അടച്ചിട്ടാൽ വിശദമായ പരിശോധന നടത്തി അണുബാധയില്ലെന്ന് ഉറപ്പാക്കിയാണ് തുറക്കുന്നത്. അണുബാധ ഒഴിവാക്കാൻ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട പ്രോട്ടോക്കോളാണ് പിന്തുടരുന്നതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ തലമറയ്ക്കുന്ന തരത്തിലുള്ള ശിരോവസ്ത്രവും നീളൻ കൈയുള്ള സ്ക്രമ്പ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മെഡിക്കൽ കോളേജ് വിദ്യാർഥികളുടെ കത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ചയായിരുന്നു. 2020 എംബിബിഎസ് ബാച്ചിലെ വിദ്യാർഥിനിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജെ മോറിസിന് കത്ത് നൽകിയത്. 2018, 2021, 2022 ബാച്ചിലെ ആറ് വിദ്യാർഥിനികളുടെ ഒപ്പുകളോട് കൂടിയുള്ളതായിരുന്നു കത്ത്.
Most Read: മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ചേക്കും; ഗവർണറുമായി കൂടിക്കാഴ്ച






































