ലക്ഷ്യമാണ് പ്രധാനം; വീൽച്ചെയറിലും തളരാത്ത ആത്‌മധൈര്യവുമായി ആൽഫിയ

വീൽ ചെയറിൽ ബാഡ്‌മിന്റണിൽ ദേശീയ ചാമ്പ്യനായ ആൽഫിയ ഏഷ്യാ കപ്പ് ഉൾപ്പടെ ഒട്ടെറെ രാജ്യാന്തര വേദികളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

By Trainee Reporter, Malabar News
alfiya james
ആൽഫിയ ജെയിംസ്
Ajwa Travels

കൊച്ചി: ആൽഫിയാ ജെയിംസിന്റെ കഥ മലയാളികൾ മറക്കാനിടയില്ല. ബാസ്ക്കറ്റ്‌ബാൾ കോർട്ടിൽ ബാക്ക്ബോർഡിലേക്ക് ലക്ഷ്യം തെറ്റാതെ പന്തുകൾ പായിച്ചു പോയിന്റുകൾ വാരിക്കൂട്ടി കേരളത്തിന്റെയും രാജ്യത്തിന്റെയും അഭിമാനവും പ്രതീക്ഷയുമായി മാറിയ മൂവാറ്റുപുഴക്കാരി. സ്വപ്‌നങ്ങൾക്ക് ചിറകുമുളകുന്ന പ്രായത്തിൽ വീൽചെയറിൽ ഒതുങ്ങേണ്ടിവന്ന ആൽഫിയ പക്ഷേ വിധിക്ക് മുന്നിൽ കീഴടങ്ങാൻ തയ്യാറായില്ല.

സ്വപ്‌നങ്ങൾ സഫലീകരിക്കണമെന്ന നിശ്‌ചയദാർഢ്യവും, ആത്‌മധൈര്യവും ആൽഫിയയെ വേദിയിൽ നിന്ന് വേദികളിലേക്ക് എത്തിച്ചു. ഇപ്പോഴിതാ പാരാലിപിക്‌സ്‌ ബാഡ്‌മിന്റണിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയെന്ന സ്വപ്‌നത്തിന് അരികെയാണ് പ്രവാസി മലയാളികൂടിയായ ആൽഫിയാ ജെയിംസ്. വീൽ ചെയറിൽ ബാഡ്‌മിന്റണിൽ ദേശീയ ചാമ്പ്യനായ ആൽഫിയ ഏഷ്യാ കപ്പ് ഉൾപ്പടെ ഒട്ടെറെ രാജ്യാന്തര വേദികളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

മൂവാറ്റുപുഴ പിറമാടം സ്വദേശിയായ ആൽഫിയ ജെയിംസ് പരാപവർ ലിഫ്റ്റിങ്ങിലും ഇതിനോടകം ഒട്ടേറെ മെഡലുകൾ നേടിയിട്ടുണ്ട്. ദേശീയ യൂത്ത് ബാസ്ക്കറ്റ്‌ബാൾ കോർട്ടിൽ മിന്നും താരമായി തിളങ്ങി നിന്ന സമയത്താണ് 17ആം വയസിൽ ആൽഫിയയുടെ ജീവിതത്തിൽ കരിനിഴൽ വീഴ്‌ത്തി ആ അപകടമുണ്ടായത്. പ്ളസ് വണിന് പഠിക്കുന്ന കാലത്താണ് ഹോസ്‌റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് കാൽവഴുതി ആൽഫിയ വീണത്.

നെഞ്ചിന് താഴെ തളർന്ന ആൽഫിയക്ക് ചികിൽസയുടെയും പ്രാർഥനകളുടെയും കാലമായിരുന്നു. കേരളത്തിനകത്തും പുറത്തുമുള്ള ആശുപത്രികളിൽ മാസങ്ങൾ നീണ്ട ചികിൽസ. നടക്കാൻ കഴിയില്ലെന്ന് ഡോക്‌ടർമാർ വിധിയെഴുതിയ കാലം. ചെറുപ്പത്തിലേ അച്ഛൻ മരിച്ചതിനാൽ പഠിച്ചു ജോലി നേടി അമ്മക്കും സഹോദരനും കൈത്താങ്ങാവണമെന്ന ആഗ്രഹത്തിന് കൂടിയാണ് അന്ന് വിലക്ക് വീണത്.

എന്നാൽ, വീൽചെയറിൽ ജീവിതം ചലിക്കാൻ തുടങ്ങിയതോടെ അവൾ സ്വപ്‌നങ്ങൾ കണ്ടു തുടങ്ങി. ആരും മാനസികമായി തളർന്നു പോകുന്നിടത്തു നിന്നായിരുന്നു ആൽഫിയയുടെ ഉയർത്തെഴുന്നേൽപ്പ്. വീട്ടിൽപോലും അറിയിക്കാതെ അവൾ വീൽചെയർ ബാസ്‌ക്കറ്റ്ബാൾ പരിശീലനം തുടങ്ങി. ജിമ്മിലും പോകാൻ തുടങ്ങിയതോടെ പവർലിഫ്റ്റിങ്ങിലേക്ക് ശ്രദ്ധ തിരിച്ചു. ഒടുവിൽ പാരാലിഫ്റ്റിങ്ങിൽ വെള്ളിമെഡലോടെ ആൽഫിയ വരവറിയിച്ചു.

ബാസ്ക്കറ്റ്‌ബാൾ

അവിടെയും തീർന്നില്ല ആൽഫിയയുടെ ആഗ്രഹങ്ങൾ. അപകടത്തിന് മുൻപേ കളിച്ചിരുന്ന ബാഡ്‌മിന്റൺ ലോകത്തേക്ക് മടങ്ങിയെത്തുക എന്നതായിരുന്നു അടുത്ത ലക്ഷ്യം. എന്നാൽ, കേരളത്തിൽ വീൽചെയർ ബാഡ്‌മിന്റൺ പരിശീലന കേന്ദ്രം ഉണ്ടായിരുന്നില്ല. പരിശീലകൻ ബാല ആൽഫിയയെ ഏറ്റെടുത്ത് സ്വന്തം നിലയിൽ പരിശീലനം നൽകി. പങ്കെടുത്ത ആദ്യ ചാമ്പ്യൻഷിപ്പിൽ തന്നെ ഇരട്ട സ്വർണം നേടി ആൽഫിയ ചരിത്രം സൃഷ്‌ടിച്ചു.

പാരാബാസ്‌ക്കറ്റ്ബാളിന്റെ ഇന്ത്യൻ ജേഴ്‌സിയിൽ കളത്തിലിറങ്ങി. ഒടുവിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു ഫസ ബാഡ്‌മിന്റണിൽ പങ്കെടുക്കാൻ ദുബായിലേക്ക് ഫ്‌ളൈറ്റ് കേറി. ബഹ്റൈനിലെ ചാമ്പ്യൻഷിപ്പിന് ശേഷമാണ് ആൽഫിയ ദുബായിയിൽ എത്തിയത്. പിന്നീട് ദുബായിയിൽ സ്‌ഥിരം താമസമാക്കുകയായിരുന്നു. തുടർച്ചയായി രണ്ടു തവണ ദേശീയ ചാമ്പ്യനായ ആൽഫിയ ഇപ്പോൾ ലോകറാങ്കിങ്ങിൽ 21ആം സ്‌ഥാനത്താണ്. പാരാലിക്‌സ് സീഡിങ്ങിൽ 14ആം സ്‌ഥാനത്തുമുണ്ട്. ആദ്യ പത്തിനുള്ളിൽ എത്തിയാൽ അടുത്ത വർഷം നടക്കുന്ന പാരാലിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിക്കാം.

ദുബായിൽ ആൽഫിയ നിലവിൽ ജോലിചെയ്യുന്ന സ്വകാര്യ സ്‌ഥാപനമാണ് ഇപ്പോൾ മൽസര ചിലവുകൾ വഹിക്കുന്നത്. ദുബായ് സർക്കാരിന്റെ ക്ളബ് ഫോർ പീപ്പിൾ വിത്ത് ഡിറ്റർമിനേഷനിലാണ് പരിശീലനം. എപ്പോഴും പോസിറ്റീവായി ചിന്തിക്കണം. ഒരുകാര്യം നേടണമെന്ന് തോന്നിയാൽ, ആത്‌മാർഥമായി പ്രവർത്തിച്ചാൽ അത് നേടാൻ സാധിക്കും- ആൽഫിയ എപ്പോഴും പറയുന്ന വാക്കുകളാണിവ.

Tech: നിർമിതബുദ്ധി ഉണ്ടാക്കുന്ന ഭീകര അപകടങ്ങൾ; തിരിച്ചറിയാൻ ഈ വാർത്ത സഹായിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE