കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ളാസ് വിദ്യാർഥി ഷഹബാസിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികൾക്കെതിരെ പ്രതിഷേധം ശക്‌തമായതിന് പിന്നാലെ പ്രദേശത്ത് സംഘർഷാവസ്‌ഥ. പ്രതികളായ വിദ്യാർഥികളെ പത്താം ക്ളാസ് പരീക്ഷ എഴുതിക്കുന്നതിന് എതിരേയായിരുന്നു പ്രതിഷേധം.
ഇതോടെ, വിദ്യാർഥികൾക്ക് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിനുള്ളിൽ തന്നെ പരീക്ഷ എഴുതാനുള്ള സാഹചര്യമൊരുക്കി. താമരശ്ശേരി സ്‌കൂളിൽ എത്തിച്ച് വിദ്യാർഥികളെ പരീക്ഷ എഴുതിക്കാനായിരുന്നു ആദ്യത്തെ തീരുമാനം. എന്നാൽ, താമരശ്ശേരിയിലേക്ക് കൊണ്ടുവന്നാൽ ഒരുകാരണവശാലും പരീക്ഷ എഴുതിക്കാൻ അനുവദിക്കില്ലെന്ന് കെഎസ്‌യുവും യൂത്ത് കോൺഗ്രസും നിലപാടെടുത്തു.
വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിനടുത്തുള്ള സ്‌കൂളുകളിൽ പരീക്ഷ എഴുതിക്കാനായിരുന്നു നീക്കം. എന്നാൽ, മറ്റ് വിദ്യാർഥികളുടെ കൂടെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് അറിയിച്ച് കെഎസ്‌യു രംഗത്തെത്തി. രാവിലെ തന്നെ കെഎസ്‌യു പ്രവർത്തകർ ജുവനൈൽ ഹോമിനടുത്തേക്ക് പ്രതിഷേധവുമായി എത്തി. ഇവരെ പോലീസ് തടഞ്ഞതോടെ സംഘർഷമുണ്ടായി.
കെഎസ്‌യു ജില്ലാ പ്രസിഡണ്ട് വിടി സൂരജ് ഉൾപ്പടെയുള്ളവരെ അറസ്‌റ്റ് ചെയ്‌ത് നീക്കി. പിന്നാലെ യൂത്ത് കോൺഗ്രസും എംഎസ്എഫും പ്രതിഷേധവുമായി എത്തി. പ്രവർത്തകർ ജുവനൈൽ ഹോം പരിസരത്തേക്ക് കടന്നതോടെ പോലീസുമായി സംഘട്ടനമുണ്ടായി. നിരവധിപ്പേരെ അറസ്‌റ്റ് ചെയ്‌ത് നീക്കി. ഇതിനിടെ, ചോദ്യക്കടലാസ് ജുവനൈൽ ഹോമിലേക്ക് എത്തിച്ചു.
‘ഷഹബാസ് എഴുതേണ്ട പരീക്ഷയാണ്. അവനെ ഇല്ലാതാക്കിയിട്ട് ഇവർ പരീക്ഷ എഴുതേണ്ട’ എന്നാണ് പ്രതിഷേധക്കാർ പറയുന്നത്. എളേറ്റിൽ വട്ടോളി സ്‌കൂളിലെ പത്താം ക്ളാസ് വിദ്യാർഥി ഷഹബാസ് ശനിയാഴ്‌ചയാണ് മരിച്ചത്. വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഷഹബാസിന്റെ തലയ്‌ക്കേറ്റ മാരക പരിക്കാണ് മരണകാരണം.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി