തൃക്കരിപ്പൂർ: കാസർഗോഡ്-കണ്ണൂർ ജില്ലകളുടെ അതിർത്തിയിലൂടെ ഒഴുകുന്ന കുണിയൻപാടി പുഴയ്‌ക്ക് കുറുകെ പാലം നിർമിക്കും. 5.60 കോടി രൂപയുടെ ഭരണാനുമതിയായി. കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ് പാലം അനുവദിച്ചത്. പയ്യന്നൂര്‍ നഗരസഭയിലെ കാറമേലിൽ നിന്നും തൃക്കരിപ്പൂർ പഞ്ചായത്തിലെ ചെറുകാനം ഭാഗത്തേക്ക് നേരിട്ടു ബന്ധപ്പെടുന്ന വിധത്തിലാണ് പാലം.
ചെറുകാനം, എടാട്ടുമ്മൽ, ഈച്ചേൻ വയൽ, തങ്കയം തുടങ്ങിയ തൃക്കരിപ്പൂർ പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിലെ ജനങ്ങളുടെ നീണ്ട കാലത്തെ ആവശ്യമായിരുന്നു കുണിയൻപാടി പുഴക്ക് കുറുകെ പാലം വേണമെന്നത്. നൂറു മീറ്ററോളം വീതിയുള്ള പുഴയിൽ ആഴം കുറവായതിനാൽ ഇറങ്ങി നടന്നാണ് പലരും ഇതിലൂടെ നേരത്തെ യാത്ര ചെയ്‌തിരുന്നത്.
പുഴയിൽ നിന്നുള്ള അനധികൃത മണലെടുപ്പ് വലിയ കയങ്ങൾ സൃഷ്‌ടിച്ചതോടെ നടന്നുള്ള പുഴ കടക്കൽ അപകടകരമായി. പിന്നീട് ഇരുകരകളിലും കമ്പക്കയറിൽ ബന്ധിച്ച് സ്വയം നിയന്ത്രിച്ചു പോകാൻ പറ്റുന്ന ഫൈബർ തോണി ഇറക്കി. ഈ തോണിയും കേടുവന്നതോടെ ഉപയോഗശൂന്യമായി കരയിൽ കയറ്റിയിട്ടിട്ട് വർഷങ്ങളായി. ഈ സാഹചര്യത്തിലാണ് പാലം നിർമിക്കാൻ സർക്കാർ ഫണ്ട് അനുവദിച്ചത്.
Read Also: നിലപാടിൽ ഉറച്ച് ഗവർണർ; സർക്കാർ തിരുത്തലിന് തയ്യാറായേക്കും






































