ന്യൂഡെൽഹി: അതിഥികളിൽ നിന്ന് രാജ്യത്തിന്റെ യാഥാർഥ്യം സർക്കാർ മറച്ചുവെക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാർ നമ്മുടെ പാവപ്പെട്ട ആളുകളെയും മൃഗങ്ങളെയും മറയ്ക്കുന്നു. ഇന്ത്യയുടെ യാഥാർഥ്യം അതിഥികളിൽ നിന്നും മറച്ചുവെക്കേണ്ട ആവശ്യമില്ലെന്നും രാഹുൽ ഗാന്ധി എക്സ് പ്ളാറ്റുഫോമിൽ കുറിച്ചു.
മഹാത്മാഗാന്ധി സ്മാരകത്തിലേക്കുള്ള ജി20 പ്രതിനിധികളുടെ സന്ദർശനത്തിന് മുന്നോടിയായി സെൻട്രൽ ഡെൽഹിയിലെ രാജ്ഘട്ടിലും പരിസരങ്ങളിലും കുരങ്ങുകളുടെയും നായ്ക്കളുടെയും ശല്യം തടയാൻ ഡെൽഹി പോലീസ് ഏജൻസികളുടെ സഹായം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. രാജ്യാന്തര നേതാക്കൾ സഞ്ചരിക്കാൻ സാധ്യതയുള്ള മുനീർക്ക ട്രാഫിക് ജങ്ഷന് സമീപമുള്ള ചേരിയും പോലീസ് മറച്ചിരുന്നു.
നേരത്തെ, ജി20 ഉച്ചകോടിയുടെ ഭാഗമായി രാഷ്ട്രപതി ദ്രൗപതി മുർമു ആതിഥ്യം വഹിക്കുന്ന അത്താഴ വിരുന്നിലേക്ക് കോൺഗ്രസ് ദേശീയ അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയെ ക്ഷണിക്കാത്തതിനെയും രാഹുൽ വിമർശിച്ചിരുന്നു. ജനസംഖ്യയിലെ 60 ശതമാനത്തെ പ്രതിനിധീകരിക്കുന്ന നേതാക്കളെ കേന്ദ്ര സർക്കാർ വിലമതിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
അതേസമയം, ജി20 ഉച്ചകോടിയുടെ ഉൽഘാടന പ്രസംഗത്തിൽ രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്ന് പ്രദർശിപ്പിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഇന്ത്യ’ ഒഴിവാക്കി രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്ന് മാത്രമാക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് നിർണായക നടപടി. പ്രഗതി മൈതാനത്തെ മണ്ഡപത്തിൽ ലോകനേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ഉൽഘാടനത്തിലാണ് മോദിയുടെ ഇരിപ്പിടത്തിൽ ജി20 ലോഗോയുള്ള ബോർഡിൽ ‘ഭാരത്’ എന്നെഴുതിയത് സ്ഥാപിച്ചത്. ഇതിനൊപ്പം ദേശീയ പതാകയും വെച്ചിരുന്നു.
Most Read| അഴിമതിക്കേസ്; ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റിൽ








































