ന്യൂഡെൽഹി: മണിപ്പൂരിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം പോലീസ് പാതി വഴിയിൽ തടഞ്ഞതോടെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം ഉയരുന്നു. സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരെ തുരത്താൻ കണ്ണീർവാതകം പ്രയോഗിച്ച മണിപ്പൂർ പോലീസ് ആകാശത്തേക്ക് വെടിവെച്ചു. സംഘർഷാവസ്ഥയെ തുടർന്ന് രാഹുൽ ഗാന്ധി ഇംഫാലിലേക്ക് തന്നെ മടങ്ങി.
രാഹുലിന് വഴിയൊരുക്കാനെത്തിയ നൂറുകണക്കിന് സ്ത്രീകൾ പോലീസുമായി ഏറ്റുമുട്ടിയതോടെ പ്രദേശത്ത് സംഘർഷം രൂക്ഷമായി. ഇംഫാൽ വിമാനത്താവളത്തിൽ നിന്ന് 20 കിലോമീറ്റർ അകലെ ബിഷ്ണുപുരിയിലാണ് ബാരിക്കേഡ് സ്ഥാപിച്ചു രാഹുലിന്റെ വാഹനം പോലീസ് തടഞ്ഞത്. മുന്നോട്ട് പോകാനാവാത്ത സാഹചര്യമാണെന്നും ജനം ആയുധവുമായി അക്രമാസക്തരായി നിൽക്കുകയാണെന്നും പോലീസ് അറിയിച്ചു.
ഇതോടെ, ഉച്ചയ്ക്ക് 12.30 മുതൽ രണ്ടു മണിക്കൂറോളം രാഹുൽ വാഹനത്തിൽ തുടർന്നു. രാവിലെ ഡെൽഹി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട രാഹുൽ 11 മണിയോടെയാണ് തലസ്ഥാനമായ ഇംഫാലിൽ എത്തിയത്. കുക്കി മേഖലയായ സന്ദർശിക്കാനാണ് തീരുമാനിച്ചത്. റോഡ് മാർഗമായിരുന്നു രാഹുലിന്റെ യാത്ര. എന്നാൽ, റോഡിൽ ബാരിക്കേഡ് വെച്ച പോലീസ് ഇത് നീക്കാൻ തയ്യാറായില്ല. കോൺഗ്രസ് നേതാക്കളുടെ സുരക്ഷാ ഉദ്യോഗസ്ഥർ തമ്മിൽ സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് പ്രതിഷേധം ഉണ്ടായത്.
ഉച്ചക്ക് ശേഷം ഇംഫാലിലേക്ക് മടങ്ങാനിരുന്ന രാഹുൽ മെയ്തെയ് അഭയാർഥി ക്യാമ്പുകളിൽ എത്തുമെന്നും പാർട്ടി അറിയിച്ചിരുന്നു. ബിഷ്ണുപുരിൽ പോലീസ് തടഞ്ഞതായും കടത്തിവിടാൻ പറ്റാവുന്ന സാഹചര്യമല്ലെന്ന് പറഞ്ഞതായും കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അറിയിച്ചു. എന്തുകൊണ്ടാണ് ഞങ്ങളുടെ യാത്ര തടഞ്ഞതെന്ന് മനസിലാകുന്നില്ലായെന്നും വേണുഗോപാൽ പ്രതികരിച്ചു.
Most Read: ‘ഓപ്പറേഷൻ തിയേറ്ററിൽ മുൻഗണന രോഗിയുടെ സുരക്ഷക്ക്’; ഹിജാബ് വിഷയത്തിൽ ഐഎംഎ








































